
സംസ്ഥാനത്ത് നടപ്പാക്കിയ സ്കൂൾ സമയമാറ്റം മാറ്റമില്ലാതെ തുടരും. മതസംഘടനകളുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചയിൽ സർക്കാർ തീരുമാനം അംഗീകരിക്കാൻ ധാരണയാകുകയായിരുന്നു. ഈ വർഷം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാകും സ്കൂൾ സമയം. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് സ്കൂൾ സമയമാറ്റമെന്ന് മന്ത്രി മതസംഘടനകളെ അറിയിക്കുകയായിരുന്നു.
ചർച്ചയിൽ ഭൂരിഭാഗം സംഘടനകളും സമയമാറ്റം സ്വാഗതം ചെയ്യുകയായിരുന്നു. ചില സംഘടനകൾ വിയോജിപ്പറിയിച്ചെന്നും വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിർത്ത പശ്ചാത്തലത്തിലാണ് സർക്കാർ മതസംഘടനകളെ ചർച്ചക്ക് വിളിച്ചത്. സമസ്തയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും അടുത്ത വർഷം പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാരുമായുള്ള ചർച്ചയിൽ തൃപ്തരെന്ന് സമസ്തയും പ്രതികരിച്ചു. അടുത്ത അധ്യയന വർഷം ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഉറപ്പ് നല്കിയതായി ഉമർ ഫൈസി മുക്കം മാധ്യമങ്ങളോട് പറഞ്ഞു. മദ്രസ സമയത്തിലും മാറ്റമില്ലെന്നും ഉമർ ഫൈസി മുക്കം കൂട്ടിച്ചേർത്തു. എന്നാൽ, അടുത്ത വർഷം സ്കൂൾ സമയമാറ്റം പുനപരിശോധിക്കുന്ന കാര്യത്തിൽ ഒരു ഉറപ്പും നൽകിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുന്നത്.











