
സ്കൂൾ സമയമാറ്റത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി സ്കൂൾ സമയമാറ്റത്തിൽ സൗജന്യം കൊടുക്കാൻ സാധിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തിയത്. മന്ത്രിയുടെ പ്രസ്താവന ചൊടിപ്പിച്ചെന്നായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം. സ്കൂൾ സമയമാറ്റം അംഗീകരിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.
ജിഫ്രി തങ്ങളുടെ വാക്കുകൾ ഇങ്ങനെ:
''മദ്രസ പ്രവർത്തനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ്. ആകെ 24 മണിക്കൂറേ ഉള്ളൂ. ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിക്കേണ്ടത്? ജിഫ്രി തങ്ങൾ ചോദിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രി അങ്ങനെയല്ല പറയേണ്ടത്. ആലോചിച്ച് ചെയ്യാം എന്നായിരുന്നു പറയേണ്ടിയിരുന്നത്. മദ്രസ സമയം മാറ്റാൻ പറ്റില്ല. മന്ത്രിക്ക് വാശി സ്വഭാവം പാടില്ല.'
സമുദായങ്ങളുടെ കാര്യങ്ങൾ നോക്കാൻ തന്നെയല്ലേ ഇവിടെ മന്ത്രിസഭ. സമുദായത്തിന്റെ വോട്ട് വാങ്ങിയെന്നു ഓർമ്മ വേണം. വലിയ മതസമൂഹത്തെ അങ്ങനെ അവഗണിക്കാൻ പറ്റുമോ. എല്ലാ സമുദായത്തിന്റെയും പ്രശ്നം പരിഹരിക്കണം. ഞങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങളല്ലേ പറയുക. അതിൽ വേറെ സമുദായം ഉണ്ടോ ഇല്ലയോ എന്നുള്ളത് വിഷയമല്ല.'
മന്ത്രി ചർച്ചയ്ക്ക് തയ്യാറായത് സ്വാഗതം ചെയ്യുന്നു. ചർച്ച വിജയിച്ചാൽ പ്രക്ഷോഭം ഉണ്ടാകില്ല.സമരപരിപാടികൾ സമസ്ത നേരത്തെ തീരുമാനിച്ചതാണ്. ചർച്ചയുടെ സാഹചര്യത്തിൽ മാന്യമായ സമീപനം സമസ്തയും കാണിക്കും. മുസ്ലിം സമൂഹം വലിയൊരു സമുദായമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ചില പ്രസ്താവനകൾ ചൊടിപ്പിച്ചു''











