12:08am 02 June 2026
NEWS
ചില കുസൃതികൾ കാരണം അധ്യാപകർ വീട്ടിൽനിന്ന് ആളെ വിളിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അതെല്ലാം ഞാൻ തന്നെ കൈകാര്യം ചെയ്തു; പ്രവേശനോത്സവത്തിൽ തന്റെ സ്കൂൾ കാലത്തെ ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി വി ഡി സതീശൻ
01/06/2026  11:47 AM IST
nila
ചില കുസൃതികൾ കാരണം അധ്യാപകർ വീട്ടിൽനിന്ന് ആളെ  വിളിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അതെല്ലാം ഞാൻ തന്നെ കൈകാര്യം ചെയ്തു; പ്രവേശനോത്സവത്തിൽ തന്റെ സ്കൂൾ കാലത്തെ ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, വിദ്യാലയ ജീവിതത്തിലെ തന്റെ ഓർമകൾ പങ്കുവെച്ചുകൊണ്ടാണ് വിദ്യാർഥികളെ സ്വാഗതം ചെയ്തത്. സ്കൂളിലും കോളേജിലുമായി 12 വർഷം പഠിച്ച കാലയളവിൽ ഒരിക്കൽപോലും രക്ഷിതാക്കൾ തന്നെ അന്വേഷിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിയിട്ടില്ലെന്ന് അദ്ദേഹം തമാശയോടെ പറഞ്ഞു. ചില കുസൃതികൾ കാരണം അധ്യാപകർ വീട്ടിൽനിന്ന് ആളെ വിളിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അതെല്ലാം താൻ തന്നെ കൈകാര്യം ചെയ്തിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.

കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ അമ്മമാർ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പി.ടി.എ. യോഗങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളുടെ സാന്നിധ്യമാണുള്ളതെന്നും കുട്ടികളുടെ പഠനകാര്യങ്ങളിൽ അവർ കാണിക്കുന്ന താൽപര്യത്തിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ പ്രത്യേക കഴിവുകളും താൽപര്യങ്ങളും ചെറുപ്പത്തിൽ തന്നെ തിരിച്ചറിയേണ്ടത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംയുക്ത ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള നല്ല ബന്ധം കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും കഴിവുകൾ കണ്ടെത്തുന്നതിനും സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശസ്ത ചരിത്രകാരൻ എം.ജി.എസ്. നാരായണന്റെ മകന്റെ ഗണിതശേഷി വിദേശത്തെ അധ്യാപകർ തിരിച്ചറിഞ്ഞ സംഭവവും അദ്ദേഹം ഉദാഹരണമായി പരാമർശിച്ചു.

വിജ്ഞാന വിസ്ഫോടനത്തിന്റെ കാലഘട്ടത്തിലാണ് ഇന്നത്തെ ലോകം മുന്നേറുന്നതെന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, അറിവുകൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ തുടർച്ചയായി പഠിക്കാനും അന്വേഷിക്കാനും തയ്യാറാകണമെന്ന് നിർദേശിച്ചു. നിർമ്മിത ബുദ്ധി മനുഷ്യചരിത്രത്തിലെ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന സാങ്കേതികവിദ്യയാണെന്നും, സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന സംവിധാനമായി അത് വളർന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

വായനയിലൂടെയും പഠനത്തിലൂടെയും പുതിയ അറിവുകൾ തേടാനുള്ള ജിജ്ഞാസ വളർത്തിയെടുക്കണമെന്നും, അറിവിനായുള്ള അന്വേഷണം ജീവിതകാലം മുഴുവൻ തുടരേണ്ട പ്രക്രിയയാണെന്നും അദ്ദേഹം വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img