
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒരു ലക്ഷത്തിലേറെ കുട്ടികളുടെ കുറവുണ്ടായെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജനനനിരക്കിലെ കുറവാണ് വിദ്യാലയങ്ങളിൽ കുട്ടികൾ കുറയാൻ കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2023-24 അധ്യയനവർഷത്തെ അപേക്ഷിച്ച് 2024-25ൽ 1,17,049 കുട്ടികളുടെ കുറവാണ് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഉണ്ടായതെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞു.
2024 മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത് 15 വർഷം മുൻപ് ജനിച്ച കുട്ടികളാണ്. 2024-25ൽ ഒന്നാം ക്ലാസിൽ എത്തിയത് 2019ൽ ജനിച്ച കുട്ടികളാണ്. 2009ൽ റജിസ്റ്റർ ചെയ്ത ജനനം 5.5 ലക്ഷവും 2019ൽ റജിസ്റ്റർ ചെയ്ത ജനനം ഏകദേശം 4.8 ലക്ഷവുമാണെന്നും മന്ത്രി പറഞ്ഞു. 2009നെ അപേക്ഷിച്ച് 2019ൽ 70000 കുട്ടികളുടെ കുറവ് ജനനത്തിൽ ഉണ്ടായെന്നും ഇതാണു സ്‌കൂൾ പ്രവേശനത്തെ ബാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2024 മാർച്ചിൽ 4,02,624 കുട്ടികൾ പൊതുവിദ്യാലയങ്ങളിൽനിന്ന് പത്താം ക്ലാസ് പഠനം പൂർത്തിയാക്കി. ജൂണിൽ ഒന്നാം ക്ലാസിൽ എത്തിയത് 2,50,986 കുട്ടികളാണ്. 2024-25ൽ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെ 36,43,642 കുട്ടികളാണ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി.