06:04am 11 February 2026
NEWS
സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ പ്രവേശിച്ചു
05/02/2026  04:43 PM IST
nila
സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ പ്രവേശിച്ചു

ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് ഗംഭീര മുന്നേറ്റം. സെമി ഫൈനലിൽ ശക്തരായ പഞ്ചാബിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് കേരളം ഫൈനലിൽ പ്രവേശിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനൽ കളിക്കുന്നത്. മറ്റൊരു സെമിയിൽ റെയിൽവേസിനെ 2–0ന് കീഴടക്കിയ സർവീസസാണ് ഫൈനലിലെ എതിരാളികൾ. ഞായറാഴ്ചയാണ് കലാശപ്പോര്.

അസമിലെ ദിബ്രുഗഡിലുള്ള ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിലേ കേരളം കളി കൈപ്പിടിയിലാക്കി. 16-ാം മിനിറ്റിൽ വി. അർജുന്റെ കോർണറിൽ മുഹമ്മദ് അജസൽ ഹെഡ്ഡറിലൂടെ ഗോൾ നേടി തുടക്കമിട്ടു. 34-ാം മിനിറ്റിൽ ബിബിൻ അജയന്റെ പാസിൽ മുഹമ്മദ് റിയാസ് രണ്ടാം ഗോൾ വലയിലാക്കി. 45-ാം മിനിറ്റിൽ എം. വിഘ്നേഷിന്റെ ഇടത് വിങ്ങിൽ നിന്നുള്ള ശക്തമായ ഷോട്ടോടെ കേരളം മൂന്നാം ഗോൾ നേടി. ആദ്യ പകുതി 3–0ന് കേരളത്തിന്റെ ആധികാരിക ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാനുള്ള പഞ്ചാബിന്റെ ശ്രമങ്ങൾ കേരളത്തിന്റെ ശക്തമായ പ്രതിരോധം നിഷ്ഫലമാക്കി. മത്സരം കൈവിട്ടതോടെ പഞ്ചാബ് പരുക്കൻ കളിയിലേക്ക് വഴുതി. കേരളത്തിന്റെ മുന്നേറ്റ താരം ഇ. സജീഷിനെ പിന്നിൽ നിന്ന് വീഴ്ത്തിയതിന് ഹർജിത് റെഡ് കാർഡ് കണ്ടു.

83-ാം മിനിറ്റിൽ സജീഷിന്റെ അസിസ്റ്റിൽ മുഹമ്മദ് റിയാസ് നേടിയ നാലാം ഗോൾ കേരളത്തിന്റെ വിജയം പൂർത്തിയാക്കി. തുടർന്ന് മത്സരം ഔപചാരികതയായി മാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img