03:51pm 21 June 2026
NEWS
മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ നിന്നും കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കി
21/06/2026  01:09 PM IST
nila
മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ നിന്നും കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കായി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ മാറ്റി. മുൻ കേന്ദ്ര ജല കമ്മിഷൻ ചീഫ് എൻജിനീയറായ ടി.കെ. ശിവരാജനെയാണ് സമിതിയിൽ നിന്ന് ഒഴിവാക്കിയത്. അദ്ദേഹത്തിന് പകരം ഉത്തർപ്രദേശ് സ്വദേശിയും ഐ.ഐ.ടി റൂർക്കിയിലെ ഭൂകമ്പ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറുമായ എം.എൽ. ശർമയെ അംഗമായി നിയമിച്ചു.

ദേശീയ ഡാം സുരക്ഷാ അതോറിറ്റി പുറത്തിറക്കിയ ഉത്തരവിലാണ് സമിതിയുടെ പുനഃസംഘടന സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ടി.കെ. ശിവരാജൻ ലഭ്യമല്ലാത്തതിനാലാണ് മാറ്റമെന്നാണ് ഉത്തരവിൽ വിശദീകരിക്കുന്നത്. എന്നാൽ, കേരള പ്രതിനിധിയെ ഏകപക്ഷീയമായി മാറ്റിയതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി 2021ലെ ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ജനുവരി 6നാണ് എൻ.ഡി.എസ്.എ വിദഗ്ധ സമിതിയെ നിയോഗിച്ചത്. മുൻ സി.ഡബ്ല്യു.സി ചെയർമാൻ ബൽരാജ് ജോഷിയാണ് സമിതിയുടെ അധ്യക്ഷൻ. ഗോപാൽ ധവാൻ, ഗുൽഷൻ രാജ്, എൻ. ശിവകുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ.

ഐ.ഐ.ടി റൂർക്കിയിലെ ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസിന്റെ മേധാവി കൂടിയായ എം.എൽ. ശർമയാണ് ഇനി സമിതിയിൽ അംഗമാകുക. അംഗങ്ങളുടെ മാറ്റം ഒഴികെ ജനുവരി 6ലെ ഉത്തരവിലെ മറ്റ് നിബന്ധനകളിൽ മാറ്റമില്ലെന്നും ദേശീയ ഡാം സുരക്ഷാ അതോറിറ്റി അറിയിച്ചു.

സമിതി പുനഃസംഘടിപ്പിച്ച ഉത്തരവിന്റെ പകർപ്പ് കേരള അഡീഷണൽ ചീഫ് സെക്രട്ടറിക്കും തമിഴ്നാട് ജലവിഭവ വകുപ്പ് സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img