
സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം തടയാനും അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലകളെ തകർക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാക്കാൻ കേരളം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കർണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ കത്തയച്ച് സംയുക്ത നടപടികൾ ശക്തിപ്പെടുത്തണമെന്ന് അഭ്യർഥിച്ചു.
ഓപ്പറേഷൻ തൂഫാനിലൂടെ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടികൾ ശക്തമാക്കിയതായും ലഹരിക്കടത്ത് സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തി അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
മയക്കുമരുന്ന് മാഫിയകൾ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ അവരെ നേരിടാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേരളം, കർണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന അതിർത്തി മേഖലകൾ, പ്രധാന റോഡ് പാതകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാർത്ഥി സമൂഹങ്ങൾ, നഗര വിതരണ കേന്ദ്രങ്ങൾ തുടങ്ങിയവ ലഹരിക്കടത്ത് സംഘങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മേഖലയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അന്തർസംസ്ഥാന, അന്തർദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി മയക്കുമരുന്ന് കടത്തുകാരെ കേരള പൊലീസ് പിടികൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത്തരം ശൃംഖലകളെ പൂർണമായി തകർക്കാൻ തത്സമയ വിവര കൈമാറ്റം, സംയുക്ത പരിശോധനകൾ, ഏകോപിത പ്രവർത്തന പദ്ധതികൾ എന്നിവ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനായി കേരളം, കർണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് സംയുക്ത പ്രവർത്തനരേഖ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന പൊലീസ് മേധാവി റാവഡ ചന്ദ്രശേഖറും ടാക്ടിക്കൽ കമാൻഡർ പുട്ട വിക്രമാദിത്യയും അയൽ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുമായും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്താൻ സന്നദ്ധരാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.










