09:55pm 10 November 2026
NEWS
മദ്യപിച്ചെത്തിയ താലൂക്ക് സപ്ലൈ ഓഫീസർ കുടുങ്ങി
13/08/2025  08:06 AM IST
nila
മദ്യപിച്ചെത്തിയ താലൂക്ക് സപ്ലൈ ഓഫീസർ കുടുങ്ങി

മദ്യപിച്ചെത്തിയ താലൂക്ക് സപ്ലൈ ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു. കോതമംഗലം ഇരമല്ലൂരിലാണ് സംഭവം. തുറക്കാൻ താമസിച്ച റേഷൻകട സസ്പെൻഡ് ചെയ്യാനെത്തിയ താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ. തങ്കച്ചനെയാണ് നാട്ടുകാർ തടഞ്ഞുവെച്ച് വൈദ്യപരിശോധന നടത്തിയത്. ഇയാൾക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകുമെന്നാണ് റിപ്പോർട്ട്. 

ഇരമല്ലൂർ നമ്പർ 14 ലൈസൻസി സി.എം. അലിയാരിന്റെ റേഷൻകട സസ്പെൻഡ് ചെയ്യാനെത്തിയപ്പോഴാണ് താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ. തങ്കച്ചൻ ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് കുടുങ്ങിയത്. റേഷൻകട അര മണിക്കൂർ താമസിച്ച് തുറന്നതിനെ തുടർന്നായിരുന്നു നടപടി. കൃത്യസമയത്ത് തുറക്കാത്തതിന് റേഷൻകട സസ്പെൻഡ്‌ ചെയ്യാൻ റേഷനിങ് ഇൻസ്പെക്ടറാണ് ചൊവ്വാഴ്ച രാവിലെ ആദ്യം എത്തിയത്. ലൈസൻസി ഓർഡർ കൈപ്പറ്റാതിരുന്ന വിവരം അറിയിച്ചതോടെയാണ് താലൂക്ക് സപ്ലൈ ഓഫീസർ എത്തിയത്. 

ഓഫീസർ നടപടിയെടുക്കാൻ തുടങ്ങിയപ്പോൾ കടയുടമയും നാട്ടുകാരും മറ്റ് റേഷൻ വ്യാപാരികളും തർക്കവുമായെത്തി. ജോലി തടസ്സപ്പെടുത്തുന്ന വിവരം ഓഫീസർ പോലീസിൽ അറിയിച്ചു. ഇതിനിടെ നാട്ടുകാരിൽ ഒരാൾ ഓഫീസർ മദ്യപിച്ചിട്ടുണ്ടെന്ന്് സംശയം ഉയർത്തി. ഇതേച്ചൊല്ലിയായി പിന്നീട് തർക്കം. ശാരീരിക അസാസ്ഥ്യം പ്രകടിപ്പിച്ച ഓഫീസറെ വൈദ്യപരിശോധനയ്ക്കായി റേഷൻ സംഘടനാ ഭാരവാഹിയുടെ കാറിൽ കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ നാട്ടുകാർ തടഞ്ഞു.

തുടർന്ന് നെല്ലിക്കുഴിയിലെ സ്വകാര്യ ആശുപത്രിയിൽ നാട്ടുകാരെത്തിച്ചെങ്കിലും പരിശോധനയ്ക്ക് ഓഫീസർ തയ്യാറായില്ല. തർക്കത്തിനിടെ ഓഫീസർ കാറിൽനിന്ന് ഇറങ്ങിയോടി. പിന്നാലെ നാട്ടുകാരും. ഓഫീസറെ ഓടിച്ചിട്ടുപിടിച്ച് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ കോതമംഗലം താലൂക്ക്് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ ഷിജു പി. തങ്കച്ചൻ മദ്യപിച്ചതായി തെളിഞ്ഞതോടെ പോലീസ് അധികൃതർക്ക് റിപ്പോർട്ട് കൈമാറി. വകുപ്പു തല പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് തിരുവനന്തപുരം കമ്മിഷണർ ഓഫീസിനു കൈമാറി. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഷിജു പി. തങ്കച്ചനെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img