11:40pm 10 July 2026
NEWS
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; വയനാട്ടിൽ ചില സ്കൂളുകൾക്ക് അവധി
10/07/2026  07:28 AM IST
nila
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; വയനാട്ടിൽ ചില സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കോഴിക്കോട് ജില്ലയിലാണ് ഇന്നലെ മഴക്കെടുതി ഏറ്റവും രൂക്ഷമായത്. ജില്ലയിലെ പ്രധാന നദികളിൽ പലതും കരകവിഞ്ഞൊഴുകുന്ന സാഹചര്യമാണ്.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് രാവിലെ 4 മണിക്ക് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.

കനത്ത മഴയെ തുടർന്ന് വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് (ജൂലൈ 10) ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img