
വേണാട് എക്സ്പ്രസ് മൂന്നു മണിക്കൂർ വൈകിയോടുന്നു. തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസാണ് മണിക്കൂറുകൾ വൈകിയോടുന്നത്. തിരുവനന്തപുരത്തു നിന്നും ഇന്നു പുലർച്ചെ 5.20ന് പുറപ്പെടേണ്ട ട്രെയിൻ രാവിലെ 8.20നാണ് യാത്ര ആരംഭിച്ചത്.
പെയറിങ് ട്രെയിൻ വരാൻ വൈകിയതാണ് സർവീസിനെ ബാധിച്ചത്.
അതേസമയം, തിരുവനന്തപുരം – നേത്രാവതി എക്സ്പ്രസും പുറപ്പെടാൻ വൈകുമെന്ന് റെയിൽവേ അറിയിച്ചു. രാവിലെ 9.15ന് പുറപ്പെടേണ്ട ട്രെയിൻ 1 മണിക്കൂർ 15 മിനിറ്റ് വൈകി രാവിലെ 10.30ന് മാത്രമേ പുറപ്പെടുകയുള്ളൂ.
ഇന്നലെ രാത്രി കൊല്ലം പോളയത്തോട് റെയിൽവേ പാളത്തിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. രാത്രി 7.15ന് മലബാർ എക്സ്പ്രസിനു മുന്നിലേക്കാണ് മരം വീണത്. ഇതോടെ കൊല്ലത്തിനും ഇരവിപുരത്തിനും ഇടയിൽ രണ്ടു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചു മാറ്റിയാണ് പിന്നീട് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. വൈദ്യുതി ലൈനിലേക്കു വീണതോടെ മരത്തിന് തീപിടിച്ചിരുന്നു.











