
തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനലിനെ തണുപ്പിക്കാൻ കേരളത്തിൽ മഴയെത്തുന്നു. സംസ്ഥാനത്ത് ഇന്നു മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴയെത്തും. നേരിയതോ ഇടത്തരമോ മഴയെന്നാണ് മുന്നറിയിപ്പ്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നേരിയതോ ഇടത്തരമോ മഴയുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മാർച്ച് 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴക്ക് സാധ്യത. മാർച്ച് 11ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഈ ദിവസം മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മാർച്ച് 11ന് മഞ്ഞ അലർട്ടുള്ളത്. മൂന്ന് ജില്ലകളിൽ മാത്രമാണ് അലർട്ടുള്ളതെങ്കിലും ബാക്കിയുള്ള എല്ലാ ജില്ലകളിലും നേരിയതോ ഇടത്തരമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.











