
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള പി.എസ്.സി. പരീക്ഷയിൽ ഉത്തരക്കടലാസുകളുടെ ഭാഗം മൂല്യനിർണയം ചെയ്യാതെ വിട്ട സംഭവത്തിൽ അന്വേഷണം സംസ്ഥാന വിജിലൻസിന് കൈമാറുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നു. ഇതുസംബന്ധിച്ച നിയമസാധുത പരിശോധിക്കാൻ ആഭ്യന്തരവകുപ്പ് നിയമോപദേശം തേടിയിട്ടുണ്ട്. അന്വേഷണച്ചുമതല വിജിലൻസിന് കൈമാറുന്ന കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗത്തിൽ അന്തിമതീരുമാനമുണ്ടാകുമെന്നാണ് സൂചന.
ഭരണഘടനാ സ്ഥാപനമായ പി.എസ്.സി.യുമായി ബന്ധപ്പെട്ട വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടോ എന്നതാണ് സർക്കാർ പരിശോധിക്കുന്നത്. നിലവിൽ പി.എസ്.സി. നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന്റെ നിഷ്പക്ഷതയെച്ചൊല്ലി വിമർശനം ശക്തമാണ്. ചെയർമാന്റെ കീഴിലുള്ള ഉദ്യോഗസ്ഥയ്ക്കാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നതെന്നും, ഇതിലൂടെ അന്വേഷണം സ്വാധീനിക്കപ്പെടുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ആസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളിലെ ചീഫ് തസ്തികകളിലേക്കുള്ള പൊതുപരീക്ഷയിൽ 10 ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെ വിട്ടതായാണ് കണ്ടെത്തിയത്. ഇതിനിടെ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നിയമനവും നടത്തുകയും ചെയ്തിരുന്നു. വിഷയം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെത്തിയതോടെയാണ് പിഴവ് പി.എസ്.സി. ഔദ്യോഗികമായി സമ്മതിച്ചത്.
മൂന്ന് തസ്തികകൾക്കായി 200-ലധികം ഉദ്യോഗാർഥികൾ പരീക്ഷ എഴുതിയിരുന്നു. എല്ലാ ഉത്തരക്കടലാസുകളും വീണ്ടും മൂല്യനിർണയം നടത്തി റാങ്ക് പട്ടിക പുതുക്കുമെന്ന് പി.എസ്.സി. അറിയിച്ചിരുന്നെങ്കിലും, ഇതുവരെ നടപടികൾ ആരംഭിച്ചിട്ടില്ല.
ഇതിനിടെ പി.എസ്.സി.യുടെ വിവിധ നിയമന നടപടികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിമാർക്കും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഫിഷറീസ് വകുപ്പിലെ എക്സ്റ്റൻഷൻ ഓഫീസർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, ഡിവൈ.എസ്.പി. (സ്പെഷ്യൽ റിക്രൂട്ട്മെന്റ്), ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്.), സർവകലാശാല പി.ആർ.ഒ. എന്നീ തസ്തികകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും. ഇവയും വിജിലൻസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്നതാണ് സർക്കാർ ആലോചിക്കുന്നത്.










