02:16pm 01 November 2026
NEWS
പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചെയർമാനും ഹരിയും ചേർന്നാണ് തീരുമാനങ്ങളെന്ന് സെക്രട്ടറി; ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു
01/11/2026  09:52 AM IST
nila
പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചെയർമാനും ഹരിയും ചേർന്നാണ് തീരുമാനങ്ങളെന്ന് സെക്രട്ടറി; ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു

 

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്ക്. പരീക്ഷാ വിവാദത്തിൽ തനിക്ക് പങ്കില്ലെന്ന് പിഎസ്‌സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ചെയർമാൻ എം.ആർ. ബൈജു പല കാര്യങ്ങളിലും കൂട്ടായ ചർച്ചകൾ നടത്താറില്ലെന്നും അഡീഷണൽ സെക്രട്ടറി ആർ. ഹരിയുമായി ചേർന്നാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും സെക്രട്ടറി മൊഴി നൽകിയതായാണ് വിവരം.

സെക്രട്ടറിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാ കൺട്രോളറെയും മുൻ പിഎസ്‌സി ചെയർമാനെയും ചോദ്യം ചെയ്യാനും നീക്കമുണ്ട്. കേസിൽ അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെയും ഹരിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.

അതേസമയം, പരീക്ഷയിലെ ക്രമക്കേട് സാങ്കേതിക പിഴവാണെന്നാണ് അഡീഷണൽ സെക്രട്ടറി ആർ. ഹരി ഹരികുമാർ അന്വേഷണസംഘത്തിന് നൽകിയ വിശദീകരണം. ചോദ്യങ്ങളുടെ മൂല്യനിർണയം നടത്തിയത് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നുവെന്നും സെക്രട്ടറി സതീഷിന്റെ നിർദേശപ്രകാരമാണ് വാല്യുവേഷൻ നടപടികൾ അവസാനിപ്പിച്ചതെന്നുമാണ് ഹരിയുടെ മൊഴി.

പരാതിക്കാരൻ വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെട്ടപ്പോഴാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പുനർമൂല്യനിർണയത്തിനുള്ള വിഷയം സെക്രട്ടറി ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചു. എന്നാൽ കേസ് കോടതിയിലായിരുന്നതിനാൽ പുനർമൂല്യനിർണയം നടത്തിയില്ല. ആരെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ക്രമക്കേട് നടത്തിയിട്ടില്ലെന്നും ഹരി മൊഴി നൽകിയിട്ടുണ്ട്.

കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെ ഒളിവിൽ പോയ ഹരിയെ കൊച്ചിയിൽനിന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇയാൾ എറണാകുളത്തെ ബന്ധുവീട്ടിലെത്തിയപ്പോഴായിരുന്നു അന്വേഷണസംഘത്തിന്റെ നടപടി. വിവാദമായ പരീക്ഷയുടെ മൂല്യനിർണയ ചുമതല ഹരിക്കായിരുന്നു.

ഹരിക്കൊപ്പം മൂല്യനിർണയ ചുമതല വഹിച്ചിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഹരിയെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

ചെയർമാൻ എം.ആർ. ബൈജുവിന്റെ അടുത്ത വിശ്വസ്തനായാണ് ഹരി അറിയപ്പെടുന്നത്. ചെയർമാനും ഹരിയും ചേർന്ന് മറ്റ് കമ്മിഷൻ അംഗങ്ങളുമായി ആലോചിക്കാതെ തീരുമാനങ്ങൾ എടുക്കാറുണ്ടെന്ന് ചില അംഗങ്ങൾ നേരത്തേ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഈ മൊഴികളും ഉദ്യോഗസ്ഥരുടെ വിശദീകരണങ്ങളും പരിശോധിച്ച് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം ആർക്കൊക്കെയാണെന്ന് കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img