08:17am 31 May 2026
NEWS
വിലക്കയറ്റത്തിൽ തുടർച്ചയായ എട്ടുമാസമായി കേരളം നമ്പർ വൺ: വിഷ്ണുനാഥ് എംഎൽഎ
18/09/2025  03:20 PM IST
nila
 വിലക്കയറ്റത്തിൽ തുടർച്ചയായ എട്ടുമാസമായി കേരളം നമ്പർ വൺ: വിഷ്ണുനാഥ് എംഎൽഎ

തുടർച്ചയായി എട്ടു മാസങ്ങളിൽ വിലക്കയറ്റ തോതിൽ കേരളം നമ്പർ വൺ ആണെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ. കേരളത്തിന്റെ ഓഗസ്റ്റിലെ വിലക്കയറ്റ തോത് 9 ആണെങ്കിൽ രണ്ടാമതുളള കർണാടകയിൽ അത് വെറും 3.8 ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിലക്കയറ്റം പിടിച്ചു നിർത്താൻ ഒരു രാജ്യാന്തര വിലക്കയറ്റ വിരുദ്ധ കോൺക്ലേവ് തിരുവനന്തപുരത്തു സംഘടിപ്പിക്കുകയാണ് സർക്കാരിനു മുന്നിലുള്ള ഏക പോംവഴിയെന്നും അദ്ദേഹം പരിഹസിച്ചു.  അവശ്യവസ്തുക്കളുടെ വിലവർധന സംബന്ധിച്ച് നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 

‘‘വെളിച്ചെണ്ണ വില കുതിച്ചുകയറുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ‘10 രൂപയുടെ പപ്പടം 400 രൂപയുടെ വെളിച്ചെണ്ണയിൽ കാച്ചുന്ന മലയാളിയോടാണോ ട്രംപിന്റെ കളി’ എന്ന് അമേരിക്ക തീരുവ കൂട്ടിയപ്പോൾ ട്രോൾ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഇപ്പോൾ പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഒരുപാടു കാത്തിരിക്കേണ്ട അവസ്ഥയാണ്. പപ്പടവും വെളിച്ചെണ്ണയും തമ്മിലുള്ള സമാഗമം അടുത്തിടെ ഒന്നും ഉണ്ടാകാൻ പോകുന്നില്ല. ചുട്ടു തിന്നേണ്ടിവരും. സപ്ലൈകോ കേര വെളിച്ചെണ്ണയ്ക്ക് 429 രൂപയാണ്. സപ്ലൈകോ വിപണി ഇടപെടലിന് ആവശ്യപ്പെട്ടത് 420 കോടി രൂപയാണ്. എന്നാൽ വകയിരുത്തിയത് 205 കോടിയും അതിൽ ചെലവഴിച്ചത് 176 കോടി രൂപയുമാണ്. പിന്നെ എങ്ങനെയാണ് വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയുന്നത്. സബ്‌സിഡി സാധനങ്ങൾക്കു വരെ വില അനിയന്ത്രിതമായി വർധിപ്പിച്ചു. 2016ൽ ചെറുപയറിന് സബ്‌സിഡി വില 74 രൂപയായിരുന്നു. ഇപ്പോൾ 90 രൂപയാണ് വില. സമാനമായി എല്ലാ ഉൽപ്പന്നങ്ങൾക്കും വില വർധിപ്പിച്ചു’’ – വിഷ്ണുനാഥ് പറ‍ഞ്ഞു.

‘‘ഇപ്പോൾ കഴിഞ്ഞ സിപിഐ സമ്മേളനങ്ങളിൽ പോലും സബ്‌സിഡി ഉൽപ്പന്നങ്ങൾക്കു വില വർധിപ്പിച്ചതിന് എതിരെ വിമർശനം ഉയർന്നിരുന്നു. കരാറുകാർക്കു കൊടുക്കാനുള്ള പണം കൊടുക്കാത്തതിനാൽ അവർ ടെൻഡറിൽ പങ്കെടുക്കുന്നില്ല. വിലക്കയറ്റം പിടിച്ചു നിർത്താൻ ഒരു രാജ്യാന്തര വിലക്കയറ്റ വിരുദ്ധ കോൺക്ലേവ് തിരുവനന്തപുരത്തു സംഘടിപ്പിക്കുകയാണ് സർക്കാരിനു മുന്നിലുള്ള ഏക പോംവഴി. ഇപ്പോൾ കോൺക്ലേവുകളുടെ കാലമാണ്’’ – വിഷ്ണുനാഥ് പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img