11:15am 27 August 2026
NEWS
അഞ്ചുവർഷത്തിനിടെ കേരളം വൈദ്യുതി വാങ്ങാൻ ചെലവഴിച്ചത് 56,904 കോടി രൂപ
26/08/2026  06:28 AM IST
nila
അഞ്ചുവർഷത്തിനിടെ കേരളം വൈദ്യുതി വാങ്ങാൻ ചെലവഴിച്ചത് 56,904 കോടി രൂപ

കൊച്ചി: അഞ്ചുവർഷത്തിനിടെ പുറമേനിന്ന് വൈദ്യുതി വാങ്ങാൻ കേരളം ചെലവഴിച്ചത് വൻ തുക.  56,904 കോടി രൂപയുടെ വൈദ്യുതിയാണ് ഇക്കാലത്തിനിടെ സംസ്ഥാനം വാങ്ങിയത്. വൈദ്യുതി ഉത്പാദനത്തിലെ ആഭ്യന്തര പരിമിതികൾക്കൊപ്പം ഡാമുകളിലെ ജലനിരപ്പ് കുറയുന്നതും വൈദ്യുതി ആവശ്യകത ഉയരുന്നതും വരും മാസങ്ങളിൽ പവർ പർച്ചേസ് വീണ്ടും വർധിപ്പിക്കുമെന്ന ആശങ്ക ശക്തമാക്കുന്നു.

കഴിഞ്ഞ രണ്ടുവർഷമായി പുറമേനിന്നുള്ള വൈദ്യുതി വാങ്ങൽ കുറഞ്ഞുവരികയായിരുന്നു. എന്നാൽ ഇത്തവണ മഴയുടെ കുറവും ഡാമുകളിലെ ജലലഭ്യതയിലെ ഇടിവും വേനൽക്കാലത്ത് വൈദ്യുതി ആവശ്യകത ഉയരാനുള്ള സാധ്യതയും കണക്കിലെടുക്കുമ്പോൾ പവർ പർച്ചേസ് സർവകാല റെക്കോഡിലെത്താൻ സാധ്യതയുണ്ട്.

കേന്ദ്രവിഹിതം, ആഭ്യന്തര ജലവൈദ്യുതോത്പാദനം, സൗരോർജം, പുറമേനിന്നുള്ള വൈദ്യുതിവാങ്ങൽ എന്നിവയാണ് കേരളത്തിന്റെ പ്രധാന വൈദ്യുതി സ്രോതസ്സുകൾ. കേന്ദ്രവിഹിതവും ആഭ്യന്തര ജലവൈദ്യുതോത്പാദനവും ഏകദേശം 1,600 മെഗാവാട്ട് വീതമാണ്. കെഎസ്ഇബിയുടെ സൗരോർജ പ്ലാന്റുകളും പുരപ്പുറ സൗരോർജ പദ്ധതികളും ചേർന്ന് 2,200 മെഗാവാട്ട് വരെ ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമേയാണ് ആവശ്യകത അനുസരിച്ച് പുറംവിപണിയിൽനിന്ന് വൈദ്യുതി വാങ്ങുന്നത്.

വാങ്ങൽച്ചെലവിൽ ഏറ്റക്കുറച്ചിൽ

2023-24ൽ 12,982.59 കോടി രൂപയുടെ വൈദ്യുതിയാണ് കേരളം പുറമേനിന്ന് വാങ്ങിയത്. 2024-25ൽ ഇത് 12,749.65 കോടിയായി കുറഞ്ഞു. 2025-26ൽ 11,399.30 കോടി രൂപയായിരുന്നു പവർ പർച്ചേസിനായി ചെലവഴിച്ചത്.

24 മണിക്കൂറും വൈദ്യുതി വാങ്ങുന്നതിന് പകരം ആവശ്യകത കൂടുതലുള്ള രാത്രിസമയങ്ങളിൽ മാത്രം വാങ്ങൽ പരിമിതപ്പെടുത്തിയതാണ് ചെലവ് കുറയാൻ പ്രധാന കാരണം. 465 മെഗാവാട്ടിന്റെ വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കിയതും ഇതിന് സഹായകമായി.

ഡാമുകളിൽ വെള്ളം കുറവ്

2025-26ൽ കേരളത്തിൽ കാലവർഷം ഭേദപ്പെട്ട നിലയിൽ ലഭിച്ചെങ്കിലും ഇത്തവണ കാലവർഷം അവസാനിക്കാറാകുമ്പോൾ കെഎസ്ഇബിയുടെ ഡാമുകളിൽ 246 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 328 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഡാമുകളിൽ ഉണ്ടായിരുന്നുവെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.

സൗരോർജത്തിൽനിന്ന് വൈദ്യുതി ലഭ്യത വർധിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. യൂണിറ്റിന് 2.93 രൂപ നിരക്കിൽ 200 മെഗാവാട്ട് സൗരോർജം വാങ്ങുന്നതിനുള്ള കരാറിൽ ഇതിനകം ഏർപ്പെട്ടിട്ടുണ്ട്. 2026 സെപ്റ്റംബർ മുതൽ 2027 വരെ 85 കോടി യൂണിറ്റ് വൈദ്യുതി 750 കോടി രൂപയ്ക്ക് വാങ്ങുന്നതിനുള്ള അനുമതിക്കായി റെഗുലേറ്ററി കമ്മിഷനെയും സമീപിച്ചിട്ടുണ്ട്.

പ്രഖ്യാപനങ്ങൾ മാത്രം; ബാറ്ററി സംഭരണ പദ്ധതികൾക്ക് വേഗമില്ല

വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരം കാണാൻ ലക്ഷ്യമിടുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS), പമ്പ്ഡ് സ്റ്റോറേജ് പ്ലാന്റ് (PSP) തുടങ്ങിയ പദ്ധതികളിൽ കാര്യമായ പുരോഗതിയില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. പദ്ധതികൾ സംബന്ധിച്ച് പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നടപ്പാക്കൽ നടപടികൾക്ക് പ്രതീക്ഷിച്ച വേഗം കൈവന്നിട്ടില്ല.

പുറമേനിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം ലഭ്യമായ സൗരോർജം പരമാവധി പ്രയോജനപ്പെടുത്തുകയും സംഭരണശേഷി വർധിപ്പിക്കുകയും ചെയ്യുക എന്നതാകും കേരളത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img