09:27am 14 August 2026
NEWS
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; മഴയില്ലെങ്കിൽ ഡിസംബർവരെ ലോഡ് ഷെഡിങ് തുടർന്നേക്കും
17/07/2026  06:17 AM IST
nila
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; മഴയില്ലെങ്കിൽ ഡിസംബർവരെ ലോഡ് ഷെഡിങ് തുടർന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വരും മാസങ്ങളിലും തുടരുമെന്ന ആശങ്ക ശക്തമാകുന്നു. ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ, മഴ ലഭിക്കാത്ത ദിവസങ്ങളിൽ ലോഡ് ഷെഡിങ് അനിവാര്യമാകുമെന്ന് കെ.എസ്.ഇ.ബി. വിലയിരുത്തുന്നു. നിലവിലെ സാഹചര്യം തുടർന്നാൽ ഡിസംബർവരെ വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ആദ്യഘട്ടത്തിൽ 15 മുതൽ 30 മിനിറ്റ് വരെ മാത്രമായിരുന്നു വൈദ്യുതി നിയന്ത്രണം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ പല പ്രദേശങ്ങളിലും ഒരു മണിക്കൂർവരെ വൈദ്യുതി വിതരണം തടസ്സപ്പെടുകയാണ്. ബുധനാഴ്ച മാത്രം 485 മുതൽ 628 മെഗാവാട്ട് വരെ വൈദ്യുതി നിയന്ത്രിക്കേണ്ടിവന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

മഴയുടെ കുറവിനെ തുടർന്ന് സംസ്ഥാനത്ത് താപനില നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചു. ബുധനാഴ്ചത്തെ വൈദ്യുതി ഉപഭോഗം ഒമ്പത് കോടി യൂണിറ്റിലെത്തി. ജൂലൈ മാസത്തിൽ പ്രതീക്ഷിച്ചതിനെക്കാൾ ഉയർന്ന ഉപഭോഗമാണ് രേഖപ്പെടുത്തിയതെന്നും ചില ദിവസങ്ങളിൽ ആയിരം മെഗാവാട്ട് വരെ അധിക ആവശ്യകത ഉയരുന്നതായും കെ.എസ്.ഇ.ബി. വിലയിരുത്തുന്നു.

മഴക്കാലത്തുപോലും മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുകയാണ്. രാജ്യവ്യാപകമായി എൽ നിനോയുടെ സ്വാധീനത്തെ തുടർന്ന് വൈദ്യുതി ലഭ്യത കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വിഷയത്തെ രാഷ്ട്രീയ വിവാദമാക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. അതേസമയം, വൈദ്യുതി നിയന്ത്രണത്തെ 'ഇന്ദിരാ കട്ട്' എന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനം ശക്തമാക്കിയിട്ടുണ്ട്.

നിലവിൽ മഴയില്ലാത്ത ദിവസങ്ങളിൽ സംസ്ഥാനത്തിന് 500 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് നേരിടേണ്ടിവരുന്നത്. ഈ വിടവ് നികത്താൻ മഴ ലഭിക്കുകയോ പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കുകയോ വേണം. എന്നാൽ അവിടെയും ലഭ്യത പരിമിതമാണ്. സ്വകാര്യ ഉത്പാദകർ യൂണിറ്റിന് 10 രൂപ നിരക്കിൽ 24 മണിക്കൂറും വൈദ്യുതി വാങ്ങണമെന്ന നിബന്ധന മുന്നോട്ടുവയ്ക്കുന്നതിനാൽ കേരളത്തിന് അത് സാമ്പത്തികമായി പ്രായോഗികമല്ല. അതിനാൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന അഭ്യർഥനയുമായി കെ.എസ്.ഇ.ബി. രംഗത്തുണ്ടെങ്കിലും അതിലൂടെ മാത്രം പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നാണ് വിലയിരുത്തൽ.

അതേസമയം, പ്രതിസന്ധി ലഘൂകരിക്കാൻ 200 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാൻ കെ.എസ്.ഇ.ബി. നടപടികൾ ആരംഭിച്ചു. എൻ.ടി.പി.സി. ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് യൂണിറ്റിന് 5.69 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് പദ്ധതി. റെഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ചാലുടൻ കരാർ നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img