
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും രാഷ്ട്രീയ വിവാദമാക്കരുതെന്ന അഭ്യർത്ഥനയുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന്റെ ഫലമായല്ല നിയന്ത്രണങ്ങൾ ഉണ്ടായതെന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വൈദ്യുതി ക്ഷാമത്തിന്റെ ഭാഗമായാണ് കേരളത്തിലും ഈ സാഹചര്യമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഏകദേശം ആയിരം മെഗാവാട്ട് വരെ വർധിച്ചതായും, കടുത്ത ചൂടും മഴയുടെ കുറവും ജലവൈദ്യുതി ഉൽപാദനത്തെ ബാധിച്ചതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളെന്നും മന്ത്രി പറഞ്ഞു.
പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാത്രികാലങ്ങളിൽ അനാവശ്യ വൈദ്യുതി ഉപയോഗം ഒഴിവാക്കണമെന്നും എയർ കണ്ടീഷണറുകളുടെ താപനില 25 ഡിഗ്രി സെൽഷ്യസായി ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കുമെന്നും മന്ത്രി നിർദേശിച്ചു. കൂടാതെ, അയൺ ബോക്സ്, വാട്ടർ മോട്ടോർ തുടങ്ങിയ ഉയർന്ന വൈദ്യുതി ഉപയോഗമുള്ള ഉപകരണങ്ങൾ രാത്രിക്ക് പകരം പകൽ സമയത്ത് പ്രവർത്തിപ്പിക്കണമെന്നും കടകളിലും വീടുകളിലും ആവശ്യത്തിന് മാത്രം ലൈറ്റുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈകിട്ട് ആറുമണിക്ക് ശേഷമുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. സോളാർ വൈദ്യുതി ദീർഘകാല പരിഹാരമാണെങ്കിലും, പകൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കാൻ മതിയായ സംവിധാനങ്ങളുടെ അഭാവം നിലവിൽ വെല്ലുവിളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് ആവശ്യമായ സംഭരണ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മുമ്പ് കടമെടുത്ത വൈദ്യുതി തിരിച്ചുനൽകേണ്ട ഘട്ടമാണിപ്പോഴുള്ളതെങ്കിലും, ഉൽപാദനക്കുറവ് കാരണം അതിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധി ലഘൂകരിക്കാൻ വിവിധ തലങ്ങളിൽ ചർച്ചകളും പരിഹാരനടപടികളും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










