
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തപാൽ പുനഃസംഘടനാ പദ്ധതി മലയാളികൾക്ക് വിനയാകുന്നു. കേരളത്തിലെ പല പോസ്റ്റോഫീസുകളും അടച്ചുപൂട്ടിയതോടെ ജനങ്ങളുടെ മേൽവിലാസം തന്നെ മാറിയിരിക്കുകയാണ്. തപാൽ ഓഫീസുകൾ അടച്ചുപൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്തതോടെ സ്വാഭാവികമായി പിൻകോഡ് മാറുന്നു. അഡ്രസിലെ വളരെ പ്രധാനപ്പെട്ട പിൻകോഡ് മാറുന്നതോടെ ജനം വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നാണ് റിപ്പോർട്ട്.
പോസ്റ്റ് ഓഫിസുകൾ അടച്ചുപൂട്ടുന്നതോടെ നിരവധി പ്രദേശങ്ങളിൽ പിൻകോഡ് മാറിയിരിക്കുകയാണ്. അതിന്റെ പ്രത്യാഘാതമായി ആധാർ, പാസ്പോർട്ട്, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ നിർണായക രേഖകളിലെ വിലാസങ്ങൾ പുതുക്കേണ്ട സാഹചര്യം ഉണ്ടാകും. ഇത് മുതിർന്ന പൗരന്മാർക്കും സാധാരണക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഇതുവരെ വീടിനടുത്ത് ലഭ്യമായിരുന്ന തപാൽ സേവിങ്സ് ബാങ്ക്, ഇൻഷുറൻസ് സേവനങ്ങൾ എന്നിവയ്ക്ക് ഇനി കിലോമീറ്ററുകൾ യാത്ര ചെയ്ത് വലിയ ഓഫിസുകളെ ആശ്രയിക്കേണ്ടിവരും. തപാൽ സേവനങ്ങളെ ക്രമേണ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പുനഃസംഘടനയെന്ന് തൊഴിലാളി സംഘടനകളും ആരോപിക്കുന്നു.
ഇന്ത്യൻ തപാൽ വകുപ്പ് നടപ്പിലാക്കുന്ന പുതിയ പരിഷ്കരണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏകദേശം 150 പോസ്റ്റ് ഓഫിസുകൾ അടച്ചുപൂട്ടാനുള്ള നടപടികൾ ശക്തമാകുകയാണ്. ഇതിൽ 36 ഓഫിസുകൾ ഇതിനകം തന്നെ പ്രവർത്തനം അവസാനിപ്പിച്ചു. വരുമാനം കുറവാണെന്നതും നഗര–ഗ്രാമ പരിധികളെ സംബന്ധിച്ച പുതുക്കിയ മാനദണ്ഡങ്ങളുമാണ് ഓഫിസുകൾ പൂട്ടാനുള്ള കാരണം എന്നാണ് അധികൃതർ വിശദീകരിക്കുന്നത്. നഗരങ്ങളിൽ രണ്ട് കിലോമീറ്റർ പരിധിയിലും ഗ്രാമങ്ങളിൽ അഞ്ച് കിലോമീറ്റർ പരിധിയിലും ഒന്നിലധികം പോസ്റ്റ് ഓഫിസുകൾ അനുവദിക്കരുതെന്ന കർശന നിർദ്ദേശമാണ് പുനഃസംഘടനയുടെ അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്.
പോസ്റ്റ് ഓഫിസുകൾ പൂട്ടുന്നതിനെതിരെ പല പ്രദേശങ്ങളിലും ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. ജനങ്ങളുടെ സ്വത്തായ പൊതുമേഖലാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന നടപടികളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നാണ് ഉയരുന്ന പൊതുവായ ആവശ്യം.











