06:06am 22 April 2025
NEWS
കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിത്തുടങ്ങിയത് ഇങ്ങനെ..

17/03/2025  09:48 AM IST
nila
കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിത്തുടങ്ങിയത് ഇങ്ങനെ..

കളമശ്ശേരി സർക്കാർ പോളിടെക്‌നിക് കോളേജ് ഹോസ്റ്റൽ കഞ്ചാവിന്റെ കേന്ദ്രമായി മാറിയിട്ട് ഒരു വർഷത്തിൽ താഴെമാത്രമേ ആയിട്ടുള്ളൂ എന്ന് മൊഴി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനുരാജാണ് ഹോസ്റ്റലിലെ ലഹരികേന്ദ്രത്തെ കുറിച്ച് പൊലീസിന് വിശദമായ വിവരങ്ങൾ നൽകിയത്. ആറുമാസം മുമ്പാണ് ഹോസ്റ്റലിൽ കഞ്ചാവ് വിതരണം ആരംഭിച്ചത് എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.  കോളേജിലെ പൂർവ വിദ്യാർഥികളായ ആഷിഖും ഷാലിഫുമാണ് കഞ്ചാവ് എത്തിച്ചിരുന്നതെന്നും അനുരാജ് മൊഴിനൽകിയിട്ടുണ്ട്.

കഞ്ചാവിന്റെ പണം കൊമാറിയിരുന്നതും ആഷിഖിനും ഷാലിഫിനുമാണ്.  യു.പി.ഐ. വഴി 16,000 രൂപയാണ് നൽകിയത്. എന്നാൽ, ആരൊക്കെ പണം നൽകി, ആകെ എത്രരൂപ പിരിച്ചു എന്നീ ചോദ്യങ്ങൾക്ക് അറസ്റ്റിലായ ആരും കൃത്യമായ ഉത്തരം നൽകിയിട്ടില്ല.  യുപിഐ ഇടപാടായി പണം കൈമാറി എന്ന മൊഴിയുള്ളതിനാൽ അനുരാജിന്റെയും അറസ്റ്റിലായ മറ്റുള്ളവരുടെയും ബാങ്ക് സ്റ്റേറ്റ്‌മെന്റ് പോലീസ് പരിശോധിക്കും. ഇതിൽ നിന്ന് ആരൊക്കെ പണം കൈമാറിയിട്ടുണ്ട് എന്ന് വ്യക്തമാകുമെന്നാണ് പോലീസ് പറയുന്നത്. ബാങ്കിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് അറസ്റ്റിലായവരിൽ നിന്ന് കഞ്ചാവ് വാങ്ങിച്ചവരേയും കണ്ടെത്തും. അവരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കും.

നിലവിൽ ആറ് പ്രതികളാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരം പോലീസിനെ ഞെട്ടിച്ചു. ആവശ്യപ്പെട്ടാൽ ഏത് സമയത്ത് വേണമെങ്കിലും ഹോസ്റ്റലിൽ കഞ്ചാവെത്തിക്കാൻ ഒരുസംഘം തയ്യാറായിരുന്നു. മാത്രമല്ല ലഹരി ഉപയോഗിക്കുന്നവരുടെ ഒരു ഗ്യാങ്ങ് കോളേജ് ഹോസ്റ്റലിലുണ്ടായിരുന്നുവെന്നാണ് മൊഴി. അതേസമയം കളമശ്ശേരി പോളിടെക്‌നിക് കോളേജിൽ മാത്രമല്ല ലഹരി വിപണനം നടന്നതെന്നാണ് പോലീസ് നൽകുന്ന സൂചന. അതിനാൽ സമീപത്തെ മറ്റ് കോളേജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് അന്വേഷണവും പരിശോധനയും തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img img