12:32am 08 November 2026
NEWS
സർക്കാർ പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ
16/03/2025  12:16 PM IST
nila
സർക്കാർ പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ കൊല്ലം സ്വദേശി അനുരാജാണ് പിടിയിലായത്. കഞ്ചാവുമായി ബന്ധപ്പെട്ട പണമിടപാടുകൾ നടത്തിയത് അനുരാജ് ആണെന്ന് നേരത്തേ പിടിയിലായ മൂന്നു വിദ്യാർത്ഥികളും മൊഴിനൽകിയിരുന്നു. 

ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം തുടങ്ങുമ്പോൾ ഇയാൾ പോലീസിന്റെ അന്വേഷണപരിധിയിലുണ്ടായിരുന്നില്ല. പിന്നീട് അറസ്റ്റിലായവരെ ചോദ്യം ചെയ്തതോടെയാണ് ഇയാൾക്ക് കഞ്ചാവ് കടത്തുമായുള്ള ബന്ധം സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. അനുരാജിനെ ചോദ്യം ചെയ്യുന്നതിലൂടെ കഞ്ചാവ് ഹോസ്റ്റലിലേക്ക് എത്തിക്കുന്ന സംഘത്തേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. 

കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റൽ കഞ്ചാവിന്റെ വിതരണ കേന്ദ്രമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നാല് പാക്കറ്റ് കഞ്ചാവ് ഹോസ്റ്റലിലേക്ക് കൊണ്ടുവന്നിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ പിടിച്ചെടുത്തത് രണ്ടുപാക്കറ്റ് മാത്രമാണ്. 

ഹോസ്റ്റലിലേക്ക് കൊണ്ടുവന്ന ബാക്കി കഞ്ചാവ് എങ്ങോട്ടുപോയി എന്നാണ് അന്വേഷിക്കുന്നത്. കഞ്ചാവ് പിടിച്ച സംഭവത്തിൽ ആകാശ്, അഭിരാജ്, ആദിത്യൻ എന്നീ വിദ്യാർഥികളാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ആഷിഖ്, ഷാലിഫ് എന്നിവർ പിടിയിലാകുന്നത്. ഇവരെയെല്ലാം ചോദ്യം ചെയ്തപ്പോഴാണ് അനുരാജിന്റെ പേര് ഉയർന്നുവന്നത്. ഹോസ്റ്റലിൽ ലഹരി എത്തിച്ച് നൽകിയത് അന്യ സംസ്ഥാന തൊഴിലാളികളാണെന്നും മൊഴി ലഭിച്ചിരുന്നു. സുഹൈൽ ഭായി എന്നയാളാണ് കഞ്ചാവെത്തിച്ചത് എന്നായിരുന്നു മൊഴി. ഇയാൾക്ക് വേണ്ടി തിരച്ചിൽ നടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img