
കോൺഗ്രസിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷ വിമർശനമുയർത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളം ഭരിക്കേണ്ടത് എങ്ങനെയെന്ന് മലപ്പുറത്തു നിന്നു പറയേണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. മുസ്‌ലിം ലീഗിന്റെ ഊന്നുവടി ഇല്ലാതെ കേരളത്തിൽ കോൺഗ്രസിനു നിലനിൽപ്പില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ മിക്ക കോൺഗ്രസുകാരും എതിർക്കുന്നത് മലപ്പുറത്തുകാരെ തൃപ്തിപ്പെടുത്താനാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് കോൺഗ്രസിന് ഒറ്റയ്ക്ക് നിന്ന് മത്സരിക്കാൻ ധൈര്യമുള്ള സീറ്റുകൾ ഇല്ലെന്നും എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ, ശാഖ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യവേ വെള്ളാപ്പള്ളി പറഞ്ഞു .
സമുദായത്തിന്റെ സങ്കടങ്ങൾ പറയുമ്പോൾ അത് പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം മതവിദ്വേഷമെന്നു പറഞ്ഞ് തന്നെ ആക്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കോലമല്ല, തന്നെ കത്തിച്ചാലും പറഞ്ഞ വാക്കിൽ നിന്നു പിന്നോട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.











