
ലൈംഗികാരോപണങ്ങളിൽപെട്ട കോൺഗ്രസിന്റെ യുവ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ പദവിയും ത്രിശങ്കുവിൽ. വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവി രാജിവെച്ചിരുന്നു. രാഹുൽ നിയമസഭാംഗത്വവും രാജിവെക്കണമെന്ന ആവശ്യവുമായി ഇടതുപക്ഷവും ബിജെപിയും നിലപാട് കടുപ്പിക്കുകയാണ്. എന്നാൽ, രാഹുലിന്റെ രാജിക്കായി ഇടതുപക്ഷവും ബിജെപിയും ഉയർത്തുന്ന ആവശ്യത്തെക്കാൾ ശക്തമായി ചില കോൺഗ്രസ് നേതാക്കൾ ആവശ്യമുയർത്തുന്നു എന്നാണ് പുറത്തുവരുന്ന സൂചനകൾ. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഇപ്പോഴത്തെ വിവാദത്തിൽ കടുത്ത അതൃപ്തിയിലാണ്.
മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അതിനു തൊട്ടുപിന്നാലെ എത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ വിജയപ്രതീക്ഷയിലായിരുന്നു കോൺഗ്രസ് നേതൃത്വം. എന്നാൽ, നേതാക്കൾ പെൺവേട്ടക്കാരണെന്ന പ്രചാരണം ഉയർന്നാൽ അതിനെ നേരിടാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വം തിരിച്ചറിയുന്നുണ്ട്. ഒന്നോ രണ്ടോ ആരോപണങ്ങളല്ല രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്നത് എന്നതാണ് സ്ഥിതി വഷളാക്കുന്നത്. സ്ത്രീവിരുദ്ധനായ ഒരു നേതാവിനെ പാർട്ടി സംരക്ഷിക്കുന്നു എന്ന പ്രചാരണം കോൺഗ്രസിന് ദോഷം ചെയ്യും എന്ന അഭിപ്രായം മുതിർന്ന നേതാക്കൾക്ക് പോലുമുണ്ട്.
രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണു കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാട്. എന്നാൽ, ഈ നിലപാടിൽ മാറ്റം വന്നേക്കാമെന്ന സൂചനകൾ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുതന്നെ പുറത്തുവരുന്നുണ്ട്. രാഹുലിനെതിരെ ആരോപണങ്ങളുമായി കൂടുതൽ യുവതികൾ രംഗത്തെത്തുന്നതോടെ നേതൃത്വവും രാഹുലിനെ കയ്യൊഴിയുകയാണ്. കൂടുതൽ യുവതികൾ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നതോടെ സാഹചര്യം വീണ്ടും വഷളാകാനുള്ള സാധ്യത നേതൃത്വം കാണുന്നു. അങ്ങനെയെങ്കിൽ എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജി ആവശ്യപ്പെടുന്നതും പാർട്ടി ആലോചിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കം പല നേതാക്കളും കടുത്ത രോഷത്തിലാണ്. അവസരങ്ങൾ നൽകിയ പാർട്ടിയോടും സമൂഹത്തോടും ഉത്തരവാദിത്തം പുലർത്തുന്നതിൽ രാഹുൽ പരാജയപ്പെട്ടെന്ന നിഗമനത്തിലാണ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ.











