09:23pm 19 August 2026
NEWS
അവരോടൊപ്പം ഫോട്ടോയെടുക്കുന്നതിൽ തെറ്റെന്താണ്? എംഡിഎംഎ കേസിൽ കോൺ​ഗ്രസ് പ്രവർത്തകൻ അറസ്റ്റിലായ സംഭവത്തിൽ വീണ്ടും പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ
18/08/2026  07:08 PM IST
nila
 അവരോടൊപ്പം ഫോട്ടോയെടുക്കുന്നതിൽ തെറ്റെന്താണ്? എംഡിഎംഎ കേസിൽ കോൺ​ഗ്രസ് പ്രവർത്തകൻ അറസ്റ്റിലായ സംഭവത്തിൽ വീണ്ടും പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: പെരുമ്പാവൂർ എംഡിഎംഎ കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പൊതുപ്രവർത്തകനെന്ന നിലയിൽ നിരവധി പേർ തന്നെ കാണാനെത്താറുണ്ടെന്നും അവരോടൊപ്പം ഫോട്ടോയെടുക്കുന്നതിൽ തെറ്റെന്താണെന്നും സതീശൻ ചോദിച്ചു. നവകേരള സദസുമായി ബന്ധപ്പെട്ടാണ് കേസിലെ പ്രതിയെ പരിചയപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങൾ നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും പത്രസമ്മേളനത്തിൽ സതീശൻ പറഞ്ഞു.

സംസ്ഥാനത്തെ വികസന പദ്ധതികളുടെ മെല്ലെപ്പോക്കിനെയും സതീശൻ വിമർശിച്ചു. റോഡ്, റെയിൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിൽ മുൻ സർക്കാരിനുണ്ടായ വീഴ്ച കയറ്റുമതി-ഇറക്കുമതി മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ ആദ്യം 1600 കോടി രൂപ മതിയായിരുന്നുവെന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസത്തെ തുടർന്ന് ഇപ്പോൾ ചെലവ് 3200 കോടി രൂപയായി ഉയർന്നുവെന്നും സതീശൻ ആരോപിച്ചു.

അതേസമയം, മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള ജിഎസ്ടി വകുപ്പിൽ നടന്നതായി ആരോപിക്കുന്ന തട്ടിപ്പിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും സതീശൻ അറിയിച്ചു. ജിഎസ്ടി തട്ടിപ്പിലൂടെ സർക്കാരിന് 22 കോടി രൂപയിലധികം നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ തട്ടിപ്പ് കണ്ടെത്തി നോട്ടീസ് നൽകിയിരുന്നെങ്കിലും പിന്നീട് നടപടി മരവിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

നോട്ടീസ് മരവിപ്പിച്ചതിന്റെ കാരണം എന്താണെന്നും ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. കായിക വകുപ്പ് സെക്രട്ടറി നൽകിയ പരാതിയിലെ പരിശോധന പൂർത്തിയായതായും കുറ്റക്കാർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി.

ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സതീശൻ പ്രതികരിച്ചു. എൽഡിഎഫ് ഭരണകാലത്ത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ക്രൂരമായ സ്ഥലംമാറ്റങ്ങൾ നടന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഭാര്യയെയും ഭർത്താവിനെയും വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റി കുടുംബങ്ങളെ തകർക്കുന്ന തരത്തിലുള്ള നടപടികൾ ഉണ്ടായെന്നും സതീശൻ പറഞ്ഞു.

അതേസമയം, സ്ഥലംമാറ്റത്തെ തുടർന്ന് ആത്മഹത്യ നടന്നുവെന്ന പ്രചാരണം തെറ്റാണെന്നും സർക്കാർ മാറുമ്പോൾ സ്വാഭാവികമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നിയമനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ ഓണത്തിന് ശേഷം പൂർത്തിയാക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img