
ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന സമിതി ഓഫീസായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റെജി ലൂക്കോസിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ഇന്ന് രാവിലെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി രാജീവ് ചന്ദ്രശേഖറിൽനിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചത്. ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തിനു വേണ്ടി ശക്തമായി വാദിച്ചിരുന്നയാളാണ് റെജി ലൂക്കോസ്.
കേരളത്തിൽ നിലവിലെ സ്ഥിതിയിൽ രാഷ്ട്രീയ യുദ്ധത്തിനല്ല സാധ്യതയെന്ന് റെജി ലൂക്കോസ് പറഞ്ഞു. പഴയ ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാൽ നാട് വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും റെജി ലൂക്കോസ് മുന്നറിയിപ്പ് നൽകി. ബിജെപി ദേശീയ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന വികസന നിലപാടുകളാണ് പാർട്ടിയിലേക്ക് ആകർഷിച്ചത്. കഴിഞ്ഞ കുറേ നാളുകളായി സിപിഎം കേരളത്തിൽ വർഗീയവിഭജനത്തിനായി നടത്തുന്ന ആശയവ്യതിയാനം വല്ലാതെ ദുഃഖിപ്പിച്ചുവെന്നും റെജി ലൂക്കോസ് വെളിപ്പെടുത്തി.
ബിജെപി മുന്നോട്ടുവയ്ക്കുന്ന വികസിത കേരളം എന്ന മുദ്രാവാക്യം ജനങ്ങൾ അംഗീകരിച്ചുവെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിയമസഭയിലും ഈ മുദ്രാവാക്യം തന്നെയാവും മുന്നോട്ടുവയ്ക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ എത്തുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.











