04:56am 14 July 2026
NEWS
വ്യാജ മാരത്തോണ്‍ രജിസ്ട്രേഷന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്


13/07/2026  10:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വ്യാജ മാരത്തോണ്‍ രജിസ്ട്രേഷന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

വിവിധ വെബ്സൈറ്റുകള്‍, ഇന്‍സ്റ്റാഗ്രാം എന്നിവ വഴി പ്രമുഖ ബാങ്കിന്‍റെ വ്യാജ മാരത്തോണ്‍ പരസ്യങ്ങള്‍  പ്രചരിപ്പിച്ച് പൊതുജനങ്ങളില്‍ നിന്നും രജിസ്ട്രേഷന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നൂവെന്നുംഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും കേരള പോലീസിൻ്റെ മുന്നറിയിപ്പ്.
"മറൈൻ ഡ്രൈവ് മാരത്തോൺ കൊച്ചി 2026 " എന്ന  പേരില്‍ പ്രചരിക്കുന്ന  പരസ്യങ്ങളിലൂടെ വലിയ സമ്മാനത്തുക,സ്പോണ്‍സര്‍ഷിപ്പ്, സൗജന്യ സൗകര്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്ത് ആളുകളെ ആകര്‍ഷിക്കുന്നതാണ് തട്ടിപ്പിന്‍റെ തുടക്കം. തുടർന്ന്, മാരത്തോണിന്‍റെ ഭാഗമായി രജിസ്ട്രേഷന്‍ ഫീസ് എന്ന പേരില്‍ 698 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുന്നു. പൊതുജനങ്ങളുടെ വിശ്വാസ്യതയ്ക്കായി വ്യാജ വെബ്സൈറ്റുകളും ആകര്‍ഷകമായ പോസ്റ്ററുകളും ഇതിനായി ഉപയോഗിക്കും.രജിസ്ട്രേഷന്‍ ഫീസ് ലഭിച്ചാല്‍ 'കാലാവസ്ഥാ സാഹചര്യം, മറ്റ് തടസങ്ങള്‍ തുടങ്ങിയ ഒഴിവുകള്‍ ചൂണ്ടിക്കാട്ടി മാരത്തോണ്‍ മാറ്റിവെച്ചതായി സന്ദേശം അയയ്ക്കുകയും പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ്  ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

പൊതുജനങ്ങള്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വീഴാതിരിക്കുന്നതിന്  കേരള പോലീസ് നൽകുന്ന നിര്‍ദ്ദേശങ്ങള്‍  പാലിക്കണം. സോഷ്യല്‍ മീഡിയ വഴിയുള്ള ഇത്തരം പരസ്യങ്ങളില്‍ ആകൃഷ്ടരായി രജിസ്ട്രേഷന്‍ നടപടികളിലേയ്ക്ക് കടക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും പരിപാടിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുക. പരിപാടിയുടേതെന്ന് അവകാശപ്പെടുന്ന ഔദ്യോഗിക വെബ്സൈറ്റ്, സംഘാടകര്‍, സര്‍ക്കാരില്‍ നിന്നും ലഭിച്ച അനുമതി തുടങ്ങിയവ ഉറപ്പായും പരിശോധിക്കണം. വളരെ ചെറിയ തുകയാണെന്ന കാരണത്താല്‍ ഒരിക്കലും പണമടയ്ക്കരുത്. സംശയകരമായ വെബ്സൈറ്റുകള്‍, പേയ്മെന്‍റ് ലിങ്കുകള്‍, പ്രശസ്ത സ്ഥാപനങ്ങളുടെ പേരില്‍ വരുന്ന വ്യാജ പരസ്യങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കുകയും അനാവശ്യമായവ ഒഴിവാക്കുകയും ചെയ്യണം.
സൈബര്‍ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പറിലോ  https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കുക.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img