
പരിചയമുള്ളവരുടെ പേരും പ്രൊഫൈല്‍ ഫോട്ടോയും ദുരുപയോഗം ചെയ്ത് വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുകള്‍ സൃഷ്ടിച്ച് അടിയന്തരമായി പണം ആവശ്യപ്പെടുന്ന സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക.
'ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നത്. വാട്സ്ആപ്പിലെ പേരും പ്രൊഫൈല്‍ ഫോട്ടോയും പരിചിതമാണെന്നത് കൊണ്ട് മാത്രം സന്ദേശം അയയ്ക്കുന്നത് യഥാര്‍ത്ഥ വ്യക്തിയാണെന്ന് ഉറപ്പിക്കരുത്.
ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍
പേരും പ്രൊഫൈല്‍ ഫോട്ടോയും കണ്ട് പരിചയക്കാരാണ് പണം ആവശ്യപ്പെടുന്നതെന്ന് ഉറപ്പിക്കരുത്.
പണം അയയ്ക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വ്യക്തിയെ നേരിട്ട് ഫോണില്‍ വിളിച്ചോ വീഡിയോ കോള്‍ ചെയ്തോ വിവരം ഉറപ്പാക്കണം.
പെട്ടെന്നുള്ള ആശുപത്രി അല്ലെങ്കില്‍ അടിയന്തരമായി പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളെ എപ്പോഴും സംശയത്തോടെ കാണുക.
പേരും ഫോട്ടോയും ശരിയാണെങ്കിലും സന്ദേശം അയച്ചിരിക്കുന്ന ഫോണ്‍ നമ്പറിന്‍റെ വിശ്വാസ്യത പരിശോധിക്കണം.
ആവശ്യമെങ്കില്‍ പണം ആവശ്യപ്പെട്ടയാളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടും വിവരം സ്ഥിരീകരിക്കണം.
ഇത്തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ വൈകാതെ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Photo Courtesy - Google










