03:14am 22 October 2026
NEWS
കേരള പോലീസിൻറെ സംരക്ഷ മെഗാ രക്തദാന ക്യാമ്പ് സംസ്ഥാന വ്യാപകമായി സന്നദ്ധ രക്തദാനവുമായി പോലീസ് സേനയും പൊതുജനങ്ങളും
21/10/2026  06:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള പോലീസിൻറെ സംരക്ഷ മെഗാ രക്തദാന ക്യാമ്പ് സംസ്ഥാന വ്യാപകമായി സന്നദ്ധ രക്തദാനവുമായി പോലീസ് സേനയും പൊതുജനങ്ങളും

കേരള പോലീസിന്റെ സന്നദ്ധ രക്തദാന പദ്ധതിയായ 'പോൽ ബ്ലഡ്' (Pol Blood), പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പായ 'സംരക്ഷ'യിൽ 1500-ഓളം പേർ രക്തദാതാക്കളായി. ഇവരിൽ ആയിരത്തോളം പോലീസ് സേനാംഗങ്ങളും ഉൾപ്പെടുന്നു. സംസ്ഥാന വ്യാപകമായി 100-ൽപരം രക്തദാന ക്യാമ്പുകളാണ് 'സംരക്ഷ'യുടെ ഭാഗമായി സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും ക്യാമ്പ് തുടരുന്നതാണ് .

'സംരക്ഷ' മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ പോലീസ് ആസ്ഥാനത്തു നിർവഹിച്ചു.

പോലീസ് ആസ്ഥാനത്തു നടന്ന രക്തദാന ക്യാമ്പിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേഷ്, പോലീസ് ആസ്ഥാനത്തെ ഐ.ജി. ഹർഷിത അത്തലൂരി, ഇന്റലിജൻസ് വിഭാഗം ഐ.ജി. സി.എച്ച്. നാഗരാജു, ദക്ഷിണ മേഖല ഐ.ജി. ആർ. നിശാന്തിനി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ രക്തദാനം നിർവഹിച്ചു.

ചടങ്ങിൽ സായുധ സേനാ ബറ്റാലിയൻ എ.ഡി.ജി.പി. ബൽറാം കുമാർ ഉപാധ്യായ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ബ്ലഡ് സെന്റർ പ്രൊഫസറും മേധാവിയുമായ ഡോ. കലാ വി.എൽ., എസ്.എ.പി. കമാൻഡന്റും 'പോൽ ബ്ലഡ്' നോഡൽ ഓഫീസറുമായ യോഗേഷ് മന്ദയ്യ എന്നിവർ സംബന്ധിച്ചു. 

കഴിഞ്ഞ വർഷം നടന്ന 'സംരക്ഷ' ക്യാമ്പിൽ പോലീസ് ഉദ്യോഗസ്ഥരുടെ 912 ദാനങ്ങൾ ഉൾപ്പെടെ ആകെ 1,559 പേർ രക്തം നൽകിയിരുന്നു. സന്നദ്ധ രക്തദാന പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും സാധാരണക്കാരായ രോഗികൾക്ക് താങ്ങാവാനുമുള്ള പോലീസിന്റെ ഈ ചുവടുവെപ്പ് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വലിയ പ്രശംസയാണ് പിടിച്ചുപറ്റുന്നത്. പോലീസ് സേനയും പൊതുജനങ്ങളും കൈകോർക്കുന്ന ഈ ദൗത്യം മാനവികതയുടെ പുതിയ മാതൃകയാണ് തീർക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img