
കൊച്ചി: കാണാതായ പതിമൂന്നുകാരിയെ തേടി കേരള പൊലീസ് എത്തിയത് നക്സൽ ഭീഷണി നിലനിൽക്കുന്ന ഒഡിഷയിലെ വിദൂര ഗ്രാമത്തിൽ. ഏകദേശം 4,000 കിലോമീറ്റർ റോഡുമാർഗം സഞ്ചരിച്ച പ്രത്യേക അന്വേഷണ സംഘം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽനിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അതിസാഹസികമായ ദൗത്യത്തിനൊടുവിൽ സംഘം പെൺകുട്ടിയെ സുരക്ഷിതമായി രക്ഷപെടുത്തി. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളാണ് കുട്ടി.
ഓഗസ്റ്റ് 13ന് വൈകിട്ട് ആറോടെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ കുറുപ്പംപടി പൊലീസിൽ പരാതി നൽകിയത്. ഉടൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും ആദ്യം കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല.
തുടർന്ന് സാങ്കേതിക സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഇയാളിൽനിന്നുള്ള വിവരങ്ങൾ പിന്തുടർന്നപ്പോഴാണ് സേലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ കുറുപ്പംപടി പൊലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോൺ ഇതിനിടെ സ്വിച്ച് ഓഫ് ചെയ്തതോടെ അന്വേഷണം കൂടുതൽ സങ്കീർണമായി.
ഒഡിഷയിൽ നിർണായക വഴിത്തിരിവ്
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഒഡിഷയിലേക്ക് അയച്ചു. ഓഗസ്റ്റ് 18ന് ഒഡിഷയിലെത്തിയ സംഘം നടത്തിയ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന വിവരം ലഭിച്ചത്.
എന്നാൽ കുട്ടിയെ കണ്ടെത്താനുള്ള ദൗത്യം അത്ര എളുപ്പമായിരുന്നില്ല. പ്രദേശം നക്സൽ ബാധിത മേഖലയായതിനാൽ പകൽസമയത്ത് പൊലീസ് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് ബഞ്ചനഗർ പൊലീസ് അറിയിച്ചു. ഇതോടെ അർധരാത്രിയിൽ ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചു.
40 കിലോമീറ്റർ വനയാത്ര
എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിൽ ആയുധധാരികളായ എട്ട് പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്കായി സംഘത്തോടൊപ്പം ചേർന്നു. രാത്രി 12 മണിയോടെ വനമേഖലയിലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച സംഘം ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെ വാഹനങ്ങൾ നിർത്തി.
അവിടെനിന്ന് കാട്ടിലൂടെ നടന്ന് ഗ്രാമത്തിലെത്തി. വനത്തിനുള്ളിലെ അഞ്ച് വീടുകളിൽ ഏതാണ് അലോകിന്റെ വീടെന്ന് കണ്ടെത്താനും ഏറെ ബുദ്ധിമുട്ടി. ഒടുവിൽ വീട് തിരിച്ചറിഞ്ഞ പൊലീസ് സംഘം അത് വളഞ്ഞു. സമീപവാസികൾ ഉണർന്നതോടെ വാക്കുതർക്കമുണ്ടായെങ്കിലും പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു.
തുടർന്ന് അലോകിനെയും പെൺകുട്ടിയെയും കണ്ടെത്തി സുരക്ഷിതമായി ബഞ്ചനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീട് കുട്ടിയുമായി അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങി.
സബ് ഇൻസ്പെക്ടർ കെ.എം. അബി, സീനിയർ സിപിഒമാരായ എൻ.പി. ബിന്ദു, അരുൺ കെ. കരുണൻ, രജിത് രാം എന്നിവരായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.











