02:19am 08 November 2026
NEWS
എട്ടു മാസം ഗർഭിണിയായ യുവതിയുടെ മരണത്തിൽ ​ദുരൂഹതയെന്ന് ബന്ധുക്കൾ


01/04/2025  09:24 AM IST
nila
എട്ടു മാസം ഗർഭിണിയായ യുവതിയുടെ മരണത്തിൽ ​ദുരൂഹതയെന്ന് ബന്ധുക്കൾ

കോട്ടയം: എട്ടു മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32)യുടെ മരണത്തിലാണ് യുവതിയുടെ ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്. സൗദിയിൽ നഴ്സായി ജോലി ചെയ്തിരുന്ന അമിത ഒരു വർഷം മുൻപാണു നാട്ടിലെത്തിയത്. യുവതിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് വീട് പൂട്ടി മുദ്രവച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 

ഞായറാഴ്ച രാത്രി പത്തരയോടെയാണ് അമിതയെ തൂങ്ങിയ നിലയിൽ കണ്ടത്. വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിലെ ഫാനിലാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഈ സമയം ഭർത്താവ് അഖിൽ വീട്ടിലുണ്ടായിരുന്നില്ല. കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എൽസമ്മയെ ഫോണിൽ വിളിച്ച്, താൻ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിനു ശേഷമാണ് അമിത ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. തുടർന്ന് എൽസമ്മ അഖിലിനെ ഫോണിൽ വിളിച്ചു. അഖിൽ വീട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

നാലര വർഷം മുൻപായിരുന്നു അമിതയുടെയും അഖിലിന്റെയും വിവാഹം. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. സംസ്കാരം ഇന്നു നാലുമണിക്ക് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ. പിതാവ്: കടപ്ലാമറ്റം നൂറ്റിയാനിക്കുന്നേൽ സണ്ണി. മക്കൾ: അനേയ, അന്ന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img