
തിരുവനന്തപുരം: കേരളാ പോലീസിന്റെ പാസിങ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തിൽ മാറ്റം. 'ഒരു പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ' എന്നിൽ അർപ്പിതമായ കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്നും സർവ്വാത്മനാ പ്രതിജ്ഞ ചെയ്യുന്നു എന്നായിരുന്നു ഇതുവരെ പാസിങ് ഔട്ട് പരേഡിൽ ചൊല്ലുന്ന പ്രതിജ്ഞാ വാചകത്തിലുണ്ടായിരുന്നത്. എന്നാൽ അതിന് പകരം 'ഒരു പോലീസ് സേനാംഗമെന്ന നിലയിൽ' എന്നിൽ അർപ്പിതമായ കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്നും സർവ്വാത്മനാ പ്രതിജ്ഞ ചെയ്യുന്നു എന്നാകും ഇനി മുതൽ പറയുക. സേനയിലെ ലിംഗ സമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗാമായാണ് പുതിയ നടപടി.
പ്രതിജ്ഞാ വാചകത്തിലെ 'പോലീസ് ഉദ്യോഗസ്ഥൻ' എന്ന വാക്കിലാണ് മാറ്റം. ബാക്കിയുള്ള വാക്യങ്ങളെല്ലാം പഴയതു പോലെ തുടരും. പോലീസുദ്യോഗസ്ഥനെന്നത് പുരുഷനെ സൂചിപ്പിക്കുന്ന വാക്യമാണെന്നും വനിതാസേനാംഗങ്ങൾ ഇതേ പ്രതിജ്ഞ ചൊല്ലണമെന്നതുമാണ് നിലവിലുണ്ടായിരുന്ന വിവേചനം.അഡീഷണൽ ഡയരക്ടർ ജനറൽ മനോജ് എബ്രഹാമാണ് ആഭ്യന്തരവകുപ്പിന് വേണ്ടി ജനുവരി മൂന്നിന് ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
സിവിൽ പോലീസ് ഓഫീസർമാർ മുതൽ ഡി.ജി.പിമാർ വരെ വനിതകളായി വിവിധ തസ്തികകളിൽ ജോലിയിൽ തുടരുമ്പോൾ പുരുഷമേധാവിത്വമുള്ള പ്രതിജ്ഞാ വാചകം ഒഴിവാക്കണമെന്ന അഭിപ്രായത്തെ തുടർന്നാണ് പുതിയ മാറ്റം. വനിതകളുടെ സ്ഥാനപ്പേരിനൊപ്പം 'വനിത' എന്ന് ഉപയോഗിക്കുന്നതിന് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.











