10:26am 15 August 2026
NEWS
മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; 281 ഉദ്യോഗസ്ഥർക്ക് അംഗീകാരം
15/08/2026  06:53 AM IST
nila
മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; 281 ഉദ്യോഗസ്ഥർക്ക് അംഗീകാരം

തിരുവനന്തപുരം: 2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സേവനം, സമർപ്പണം, പ്രതിബദ്ധത, മികവ് എന്നിവ പരിഗണിച്ച് സംസ്ഥാനത്തെ 281 പോലീസുദ്യോഗസ്ഥർക്കാണ് ഇത്തവണ മെഡൽ ലഭിച്ചത്. സംസ്ഥാന പോലീസ് മേധാവിയുടെയും സംസ്ഥാനതല സ്ക്രീനിങ് സമിതിയുടെയും ശുപാർശകൾ പരിഗണിച്ചാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

അസി. പോലീസ് കമ്മിഷണർ, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, അസി. സബ് ഇൻസ്പെക്ടർ, സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർ, വനിതാ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ വിവിധ റാങ്കുകളിലുള്ളവരാണ് മെഡൽ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം പ്രഖ്യാപിക്കേണ്ടിയിരുന്ന മെഡലുകൾ വൈകിയത് നേരത്തെ ചർച്ചയായിരുന്നു. ആഭ്യന്തരവകുപ്പിലെ നടപടിക്രമങ്ങളിലെ വീഴ്ചയാണ് പ്രഖ്യാപനം വൈകാൻ കാരണമെന്ന ആരോപണവും ഉയർന്നിരുന്നു. ജനുവരിയിൽ തന്നെ ഡി.ജി.പി. ഓഫീസിൽനിന്ന് മെഡൽ പട്ടിക കൈമാറിയിരുന്നെങ്കിലും തുടർപരിശോധനകൾ പൂർത്തിയാകാത്തതാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് സൂചന.

മെഡൽ പ്രഖ്യാപനം വൈകുന്നതിനെക്കുറിച്ച് ഇന്നലെ രാവിലെ പ്രതികരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പ്രഖ്യാപനം രാവിലെ തന്നെ നടത്തണമെന്നില്ലെന്നും എന്നാൽ ഇന്നലെ തന്നെ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

തുടർന്ന് ആഭ്യന്തരമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് നടപടികൾ വേഗത്തിലാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി ഏറെ വൈകി 281 ഉദ്യോഗസ്ഥരുടെ മെഡൽ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img