08:37pm 08 August 2026
NEWS
മ്യൂള്‍ അക്കൗണ്ട് (Mule Account) ഉടമകളാകാതെ ശ്രദ്ധിക്കുക സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്
08/08/2026  07:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മ്യൂള്‍ അക്കൗണ്ട് (Mule Account) ഉടമകളാകാതെ ശ്രദ്ധിക്കുക സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍ വ്യക്തികളുടെ അറിവോടുകൂടിയോ അല്ലാതെയോ ഉപയോഗിക്കുന്ന വാടക ബാങ്ക് അക്കൗണ്ടുകളാണ് മ്യൂൾ അക്കൗണ്ടുകൾ. പലപ്പോഴും ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്നവര്‍ വിദ്യാര്‍ത്ഥികളും വരുമാനം കുറവുള്ള സാധാരണക്കാരുമായിരിക്കും തട്ടിപ്പിന്‍റെ വ്യാപ്തിയെക്കുറിച്ച് അറിവില്ലാത്തതും എളുപ്പത്തില്‍ കുറച്ചധികം പണം ലഭിക്കുമെന്ന വാഗ്ദാനത്തിൽ  വീണു പോകാൻ സാധ്യത ഉള്ളവരു മാണ് ഈ വിഭാഗത്തിലേറെയും. ഈ സാധ്യതയാണ്  ചൂഷണം ചെയ്യുന്നത്.

ഇത്തരത്തിലുള്ള ചതിക്കുഴിയില്‍ അകപ്പെടാതിരിക്കാന്‍ കേരള പോലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കുക. 

നിങ്ങളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ മറ്റാരെയും അനുവദിക്കരുത്. ഒരു കാരണവശാലും മറ്റൊരാളുടെ  ഉപയോഗത്തിനായി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട്  നല്‍കുകയോ മറ്റുള്ളവരുടെ പണം നിങ്ങളുടെ അക്കൗണ്ടില്‍ സ്വീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത്. 

നിങ്ങളുടെ അക്കൗണ്ടിലൂടെ പണമിടപാടുകള്‍ നടത്തുന്നതിന് കമ്മീഷനോ കൂലിയോ ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് ആരെങ്കിലും സമീപിച്ചാല്‍ അവരെ കുറിച്ചുള്ള വിവരം സ്ഥലത്തെ പോലീസ് സ്റ്റേഷനിലോ 1930 എന്ന ടോള്‍ഫ്രീ  നമ്പറിലോ അറിയിക്കുക.

സ്വന്തം അക്കൗണ്ട് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ അപരിചിതരുമായി പങ്കുവെയ്ക്കരുത്. നിങ്ങളറിയാതെ അനധികൃതമായി നിങ്ങളുടെ അക്കൗണ്ടില്‍ പണം ലഭിച്ചാല്‍ ഉടന്‍തന്നെ നിങ്ങളുടെ ബാങ്കിനെയും പോലീസിനെയും വിവരം രേഖാമൂലം അറിയിക്കുക. ഇത്തരത്തില്‍ ലഭിക്കുന്ന പണം പിന്‍വലിക്കുകയോ മറ്റു അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യരുത്.

ബാങ്ക് അക്കൗണ്ടുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം അക്കൗണ്ട് ഉടമകള്‍ക്കായിരിക്കും. അനധികൃതമായി സ്വന്തം അക്കൗണ്ടില്‍ പണം സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണ്.ബാങ്ക് അക്കൗണ്ടുകള്‍ ഒരാളുടെ സ്വകാര്യതയാണ് ദുരുപയോഗം ചെയ്യാതെ വിവേകത്തോടും സുരക്ഷിതമായും ഉപയോഗിക്കുക.

ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കോ www.cybercrime.gov.in  എന്ന സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലേക്കോ ബന്ധപ്പെടുക.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img