NEWS
കേരള പോലീസ് രാജ്യത്തിന് മാതൃക : ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.
കേരള പോലീസിലേക്ക് 240 പുതിയ അംഗങ്ങൾ കൂടി
കേരള പോലീസിലേക്ക് 240 പുതിയ അംഗങ്ങൾ കൂടി
06/08/2026 02:11 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയാണ്, കേരള പോലീസെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും സംസ്ഥാനത്തിൻ്റെ ക്രമസമാധാന നില പരിപാലിക്കുന്നതിലും മാതൃകാപരമായ പ്രവർ ത്തനങ്ങളാണ് കേരള പോലീസ്
കാഴ്ചവയ്ക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സമൂഹത്തിൻറെ പുരോഗതിക്കനുയോജ്യമായ രീതിയിൽ ഡ്യൂട്ടി നിർവഹിക്കുന്നതിലും വലിയ ഉത്തരവാദിത്തമാണ് ഓരോ പോലീസ് ഉദ്യോഗസ്ഥർക്കുമുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തിരുവനന്തപുരം പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
പേരൂർക്കട സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയൻ, വനിതാ ബറ്റാലിയൻ എന്നിവിടങ്ങളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 240 റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾമാരുടെ പാസ്സിംഗ് ഔട്ട് പരേഡാണ് നടന്നത്. എസ്.എ.പിയിലെ 111 ഉം, വനിതാ ബറ്റാലിയനിലെ 129 റിക്രൂട്ട് സേനാംഗങ്ങളുമാണ് പരേഡിൽ പങ്കെടുത്തത്.
ചടങ്ങിൽ പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് ആഭ്യന്തര മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
എസ്.എ.പി ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് അക്ഷയ് എച്ച്. എസ് ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി രാഹുൽ ആർ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടത് ആകാശ് എ ആണ്. അമൽ എം.എ ആണ് മികച്ച ആൾ റൗണ്ടർ.
വനിതാ ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് വിജി. ബി ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി അശ്വതി ബിജു തെരഞ്ഞെടുക്കപ്പെട്ടു. വിൻസി. വി ആണ് മികച്ച ഷൂട്ടർ. ശ്രീലക്ഷ്മി. ആർ മികച്ച ആൾ റൗണ്ടറായും തെരഞ്ഞെടുക്കപ്പട്ടു.
ഒൻപതുമാസത്തെ അടിസ്ഥാന പരിശീലനത്തിൻറെ ഭാഗമായി ഇവർക്ക് ശാരീരിക ക്ഷമതയും മനക്കരുത്തും വർധിപ്പിക്കുന്ന പാഠങ്ങളാണ് പകർന്നു നൽകിയത്. ഔട്ട്ഡോർ വിഭാഗത്തിൽ ശാരീരിക ക്ഷമത പരിശീലനം, ആയുധ പരിശീലനം, കരാട്ടേ, യോഗ, നീന്തൽ, വിവിധ സെൽഫ് ഡിഫൻസ് പരിശീലനങ്ങൾ, ഫയറിംഗ് എന്നിവയിൽ പരിശീലനം ലഭിക്കുകയുണ്ടായി.
ഇൻഡോർ വിഭാഗത്തിൽ ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സൻഹിത, മോട്ടോർ വെഹിക്കിൾ ആക്റ്റ്, വി.ഐ.പി ബന്തവസ്സ്, ടെലി കമ്മ്യൂണിക്കേഷൻ, സോഷ്യൽ മീഡിയ, സൈബർ കുറ്റകൃത്യങ്ങൾ, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നൽകിയിട്ടുണ്ട്.
ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനായി ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, പീനോളജി, വിക്ടിമോളജി, സൈബർ ഫോറൻസിക് എന്നീ വിഷയങ്ങളിലും പരിശീലനം നൽകിയിട്ടുണ്ട്.
സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ജെൻഡർ ന്യൂട്രൽസ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങിയവ പോലീസിൻറെ മാനവിക മുഖത്തിൻറെ സാക്ഷ്യം കൂടിയാണ്.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായ, കെ.പി.ച്ച്.സി.സി. മാനേജിംഗ് ഡയറക്ടർഎ.ഡി.ജി.പി ഗുഗുലോത്ത് ലക്ഷ്മൺ, ഇന്റലിജൻസ് വിഭാഗം എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ്, ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേഷ് , പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ ചുമതല വഹിക്കുന്ന ഐ.ജി ഹർഷിത അട്ടല്ലൂരി, മറ്റ് ഉന്നത പോലീസുദ്യോഗസ്ഥർ, പുതിയ സേന അംഗങ്ങളുടെ ബന്ധുക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










