
താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച എടവണ്ണ സ്വദേശിയായ യുവാവ് പൊലീസിന്റെ പിടിയിൽ. തിരൂരിലെ പ്ലസ് വൺ വിദ്യാർത്ഥിനികളുമായി മുംബൈക്ക് പോയ റഹിം അസ്‌ലം എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈയിൽ നിന്ന് മടങ്ങിയെത്തിയ ഇയാളെ തിരൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. നാടുവിട്ട രണ്ട് പെൺകുട്ടികളുടെയും സുഹൃത്താണ് പൊലീസ് കസ്റ്റഡിയിലെടുത്ത റഹിം അസ്‌ലം.
റഹിം അസ്‌ലം പെൺകുട്ടികൾക്കൊപ്പം പോയത് വിദ്യാർത്ഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതു കൊണ്ടാണെന്ന് റഹീമിന്റെ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോൾ റഹിം പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നും യുവാവിന്റെ കുടുംബം വെളിപ്പെടുത്തിയിരുന്നു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് പെൺകുട്ടി പറഞ്ഞു. കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് റഹിം കൂടെ പോയതെന്നും കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.











