04:04am 11 September 2026
NEWS
​കഴക്കൂട്ടം പീഡനം: മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി കേരളാ പോലീസ്; അന്വേഷണ മികവിന് അംഗീകാരം
21/10/2025  09:49 AM IST
സുരേഷ് വണ്ടന്നൂർ
​കഴക്കൂട്ടം പീഡനം: മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി കേരളാ പോലീസ്; അന്വേഷണ മികവിന് അംഗീകാരം

​തിരുവനന്തപുരം: കഴക്കൂട്ടത്തെ ഒരു ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ, കൃത്യതയാർന്നതും വേഗതയേറിയതുമായ അന്വേഷണത്തിലൂടെ പ്രതിയെ അതിവേഗം പിടികൂടി കേരള പോലീസ് വീണ്ടും മികവ് തെളിയിച്ചു. മധുര സ്വദേശിയായ പ്രതി ബെഞ്ചമിനെ തമിഴ്‌നാട്ടിൽ നിന്നാണ് സ്റ്റേഷൻ പോലീസും സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് സാഹസികമായി പിടികൂടിയത്.
​വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ നടന്ന സംഭവം പിറ്റേന്ന് രാവിലെയാണ് പോലീസിനെ അറിയിച്ചത്. കൃത്യത്തിനുശേഷം പ്രതി വാഹനവുമായി ഉടൻ കടന്നുകളഞ്ഞിരുന്നു. പീഡനത്തിനിരയായ യുവതിയുടെ മൊഴിയിൽ നിന്ന് വ്യക്തമായ സൂചന ലഭിക്കാതിരുന്നിട്ടും, ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പോലീസ് തുമ്പുണ്ടാക്കിയത്.

​അന്വേഷണ വഴിത്തിരിവ്:

ഹോസ്റ്റലിന്റെ പിൻവശത്തായി ഉയരത്തിൽ നിന്ന് ചാടിയതിൻ്റെ ആഴത്തിലുള്ള കാൽപ്പാടുകൾ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. തുടർന്ന്, 60-ഓളം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മുഖം മറച്ചൊരാൾ 3.15-ന് മതിൽ ചാടിപ്പോകുന്ന ദൃശ്യം മാത്രമാണ് ലഭിച്ചത്. കഴക്കൂട്ടം ഫ്ലൈഓവറിന് സമീപം വെച്ച് പ്രതിയെ ട്രാക്ക് ചെയ്യാനാവാതെ വന്നതോടെ ഡാൻസാഫ് സംഘം അവിടെയെത്തി അന്വേഷണം ശക്തമാക്കി.

​ഈ സമയത്ത്, സമീപവാസിയായ ഒരാൾ നൽകിയ മൊഴിയാണ് വഴിത്തിരിവായത്. രാത്രി പതിവില്ലാതെ ഒരു വലിയ ലോറി പാർക്ക് ചെയ്തിരുന്നെന്നും അതിൻ്റെ വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടെന്നുമായിരുന്നു മൊഴി. ലോറി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി ലോറിയിൽ തമിഴ്നാട്ടിലെ മധുരയിലേക്ക് കടന്നതായി വ്യക്തമായി.
​മധുര പോലീസിൻ്റെയും രഹസ്യാന്വേഷണ വിഭാഗത്തിൻ്റെയും സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ ബെഞ്ചമിനെ ലൊക്കേറ്റ് ചെയ്യുകയായിരുന്നു. പോലീസിനെ കണ്ടയുടൻ കുറ്റിക്കാട്ടിൽ പതിയിരുന്ന പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഡാൻസാഫ് പോലീസ് പിന്നാലെ ഓടി സാഹസികമായി പിടികൂടുകയായിരുന്നു.

​അന്വേഷണ സംഘം:

സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, ഡി.സി.പി. ഫറാഷ് എന്നിവരാണ് അന്വേഷണം ഏകോപിപ്പിച്ചത്. കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി. അനിൽകുമാറിൻ്റെ നേതൃത്വത്തിൽ ജെ.എസ്. പ്രവീൺ, ബിനു, ഉമേഷ്, ഡാൻസാഫ് എസ്.ഐമാരായ മിഥുൻ, വിനോദ്, വിനീത്, വൈശാഖ് എന്നിവരടങ്ങിയ 20 അംഗ സംഘമാണ് പ്രതിയെ പിടികൂടിയത്.

​സുരക്ഷാ പ്രശ്നം നിലനിൽക്കുന്നു:

ഏറ്റവും കൂടുതൽ വനിതകൾ ജോലി ചെയ്യുന്ന കഴക്കൂട്ടം ഐ.ടി. നഗരത്തിൽ സ്ത്രീ സുരക്ഷ ഇപ്പോഴും പേരിന് മാത്രമാണെന്ന വിമർശനം ഈ സംഭവത്തോടെ വീണ്ടും ഉയർന്നിട്ടുണ്ട്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് പോകുന്ന വനിതാ ടെക്കികളുടെ സുരക്ഷ ഉറപ്പാക്കാൻ രാത്രികാലത്തെ പോലീസ് പട്രോളിംഗ് കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി. അതിക്രമങ്ങളുണ്ടാകുമ്പോൾ മാത്രം ഉണർന്നു പ്രവർത്തിക്കുന്ന നിലവിലെ സംവിധാനങ്ങൾക്കെതിരെയാണ് പ്രധാന വിമർശനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img