
കേരള പൊലീസ് 250 എ.കെ-203 തോക്കുകൾ വാങ്ങാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. പൊലീസ് സേനയെ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്ത് ആദ്യമായാണ് ഒരു പൊലീസ് സേന എ.കെ-203 തോക്കുകൾ സ്വന്തമാക്കുന്നത്. മാർച്ച് 31-നാണ് തോക്കുകൾ വാങ്ങാനുള്ള ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഏത് സാഹചര്യത്തിലും കാര്യക്ഷമതയോടെ ഉപയോഗിക്കാൻ സാധിക്കുന്ന ആയുധം എന്നതാണ് എ.കെ-203 തോക്കുകളുടെ പ്രത്യേകത.
ഏതാണ്ട് 2.5 കോടി രൂപയുടെ ഇടപാടാണ് നടക്കുക. കേരള പോലീസിന്റെ കൈവശമുള്ള ഇൻസാസ് അടക്കമുള്ള പഴക്കം ചെന്ന തോക്കുകൾ മാറ്റി കൂടുതൽ കൃത്യതയുള്ള ആയുധങ്ങൾ വാങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. നിലവിൽ കേരള പോലീസിന്റെ പക്കൽ എ.കെ-47, ഇൻസാസ്, ജർമൻ കമ്പനിയായ ഹെക്കർ ആൻഡ് കോഷിന്റെ എംപി5 എന്നീ തോക്കുകളാണ് ഉള്ളത്. ഇതിനൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ക്ലോസ് കോംബാറ്റ് പിസ്റ്റളുകളും പോലീസിന്റെ പക്കലുണ്ട്.
ഇന്ത്യയിൽ ഈ തോക്കുകൾ നിർമിക്കുന്ന ഒരേയൊരു കമ്പനിയേയുള്ളു. അത് ഐ.ആർ.ആർ.പി.എൽ ആണ്. ടെൻഡറിൽ പങ്കെടുക്കുമെന്ന് ഐ.ആർ.ആർ.പി.എൽ വ്യക്തമാക്കിയിട്ടുമുണ്ട്. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായി അമേത്തിയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ്.
നിലവിൽ ഇന്ത്യൻ സൈന്യം മാത്രമാണ് എ.കെ-203 തോക്കുകൾ ഉപയോഗിക്കുന്നത്. നിലവിൽ സൈന്യത്തിന്റെ കൈവശം ഒരുലക്ഷത്തോളം എ.കെ-203 തോക്കുകളാണ് ഉള്ളത്.











