
പി.എം.ശ്രീ സ്കൂൾ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചു. സിപിഐയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് കേരളം പദ്ധതിയിൽ ഒപ്പുവെച്ചിരിക്കുന്നത്. കേന്ദ്രഫണ്ട് ലഭിക്കാൻ പിഎം-ശ്രീ നടപ്പാക്കുകയല്ലാതെ നിവൃത്തിയില്ലെന്നാണ് സിപിഎമ്മും വിദ്യാഭ്യാസ മന്ത്രി മന്ത്രി വി. ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നത്. ഇതിനു പിന്നാലെ സിപിഐ എതിർപ്പ് ശക്തമാക്കിയെങ്കിലും ഫലം കണ്ടില്ല.
വിദ്യാഭ്യാസ സെക്രട്ടറിയാണ് കരാറിൽ ഒപ്പുവെച്ചത്. ഇതോടെ കേന്ദ്ര സർക്കാർ തടഞ്ഞുവെച്ച ഫണ്ട് കേരളത്തിന് ലഭ്യമാകും.
ആർഎസ്എസ് അജൻഡയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിഎം-ശ്രീ പദ്ധതിയെ സിപിഐ എതിർത്തത്. പി എം ശ്രീ നടപ്പാക്കിയാൽ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്നും സിപിഐ ചൂണ്ടിക്കാട്ടിയിരുന്നു. സിപിഐയുടെ എതിർപ്പ് അവഗണിക്കില്ലെന്നും വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇടത് മുന്നണിയിലോ സിപിഎം - സിപിഐ ചർച്ചയോ പോലും നടത്താതെയാണ് ഇപ്പോൾ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാർ ഇതിനെ എതിർത്തിരുന്നു. ഇതിനിടയിലാണ് പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചത്.











