04:16pm 11 November 2026
NEWS
കേരളം പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നതിന്റെ തെളിവുകൾ പുറത്ത്
21/10/2025  02:47 PM IST
nila
കേരളം പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നതിന്റെ തെളിവുകൾ പുറത്ത്

പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ കേരളം 2024-ൽത്തന്നെ തീരുമാനിച്ചിരുന്നു എന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് തെളിവുകളും പുറത്തുവന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായുള്ള പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സിപിഎം - സിപിഐ തർക്കം രൂക്ഷമാകുന്നതിനിടെയാണ് കേരളം 2024-ൽത്തന്നെ പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു എന്നതിന്റെ തെളിവായുള്ള കത്ത് പുറത്തുവരുന്നത്. 

2024 മാർച്ചിൽ വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് പുറത്തിറക്കിയ കത്തിൽ പറയുന്നു. സംസ്ഥാനത്തെ സ്‌കൂളുകളിൽ കഴിഞ്ഞ അധ്യയന വർഷംതന്നെ പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ നീക്കങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് കത്തിൽനിന്ന് വ്യക്തമാകുന്നത്. പദ്ധതി നടപ്പാക്കാൻ എല്ലാവരുടെയും സമ്മതം ഇതുവരെ കിട്ടിയിട്ടില്ലെന്നതാണ് പ്രതിസന്ധി.

പദ്ധതിയിൽ ഒപ്പുവെയ്ക്കുന്നതിനെതിരേ സിപിഐ പരസ്യമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പാർട്ടി പിറകോട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. എന്നാൽ, കേന്ദ്രം പണം തരാതിരിക്കാൻ നോക്കുമ്പോൾ സാങ്കേതികത്വം പറഞ്ഞ് ഫണ്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കുന്നു. 1,466 കോടി രൂപ എന്തിന് വെറുതേ കളയണമെന്നും മന്ത്രി ചോദിച്ചിരുന്നു. കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളെല്ലാം കേന്ദ്രഫണ്ട് വാങ്ങുന്നുണ്ടല്ലോയെന്ന് പറഞ്ഞ മന്ത്രി, കേന്ദ്ര ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img