07:18am 12 November 2026
NEWS
പിഎം ശ്രീ പദ്ധതി മുസ്ലീം ലീ​ഗ് മന്ത്രിക്ക് തന്നെ നടപ്പാക്കേണ്ടി വരുമോ? രാഷ്ട്രീയ തർക്കം മുറുകുന്നു
09/06/2026  03:48 PM IST
nila
പിഎം ശ്രീ പദ്ധതി മുസ്ലീം ലീ​ഗ് മന്ത്രിക്ക് തന്നെ നടപ്പാക്കേണ്ടി വരുമോ? രാഷ്ട്രീയ തർക്കം മുറുകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വാദപ്രതിവാദങ്ങൾ ശക്തമാകുന്നു. പദ്ധതി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. പദ്ധതിയോടുള്ള എതിർപ്പ് യുഡിഎഫിന് മുമ്പും ഉണ്ടായിരുന്നുവെന്നും ഇപ്പോൾ ഇടതുസർക്കാർ സൃഷ്ടിച്ച സാഹചര്യം എങ്ങനെ പരിഹരിക്കാമെന്നാണ് സർക്കാർ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെക്കുറിച്ച് യുഡിഎഫിന്റെ വിദ്യാഭ്യാസ-രാഷ്ട്രീയ നയങ്ങൾക്ക് അനുസൃതമായ ചർച്ചകൾ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി. മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ധാരണാപത്രത്തിൽ ഒപ്പുവെച്ച ശേഷമാണ് ഇപ്പോൾ എതിർപ്പ് ഉയർത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നിലവിലെ സർക്കാരിന് പദ്ധതി നടപ്പാക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതിൽ ഉണ്ടായ കാലതാമസത്തിന്റെ പേരിൽ എൽഡിഎഫും യുഡിഎഫും വിദ്യാർഥികളോടും രക്ഷിതാക്കളോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവിൽ മുസ്ലിം ലീഗിൽ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിയുടെ കാലത്തുതന്നെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കേണ്ടി വരുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img