
തിരുവനന്തപുരം∙ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
മുന്നറിയിപ്പിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഇന്ന് വൈകിട്ട് 4നും 4.30നും ഇടയിൽ ‘കവചം’ മുന്നറിയിപ്പ് സംവിധാനത്തിന്റെ സൈറണുകൾ മുഴങ്ങും. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുന്നതിന്റെ ഭാഗമായാണ് സൈറൺ മുന്നറിയിപ്പ്.
അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉത്രാടത്തിനും തിരുവോണത്തിനും മഴ മുന്നറിയിപ്പ്
ഉത്രാടം ദിനമായ നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26ന് തിരുവോണ ദിനത്തിൽ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് തുടരും.
തീരത്ത് കടലാക്രമണ സാധ്യത
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ജില്ലയിലെ ആലപ്പാട്ട് മുതൽ ഇടവ വരെയും ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുമുള്ള തീരങ്ങളിൽ നാളെ രാവിലെ 11.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാമെന്നാണ് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കന്യാകുമാരി തീരത്ത് നാളെ രാവിലെ 8.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.
കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.










