01:58am 09 November 2026
NEWS
പൂവേ, പൊന്നാണോ..! കിലോ 6000 രൂപയായി; ഓണത്തിന് പൂക്കളമൊരുക്കാൻ പൂവ് വാങ്ങിയാൽ പോക്കറ്റ് കാലിയാകും
22/08/2026  09:28 AM IST
nila
പൂവേ, പൊന്നാണോ..! കിലോ 6000 രൂപയായി; ഓണത്തിന് പൂക്കളമൊരുക്കാൻ പൂവ് വാങ്ങിയാൽ പോക്കറ്റ് കാലിയാകും

ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കളമൊരുക്കാൻ പൂവെടുക്കാനെത്തുന്നവർക്ക് ഇത്തവണ ചെലവേറും. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പൂ വരവ് കുറഞ്ഞതോടെയാണ് കേരളത്തിലെ വിപണിയിൽ പൂക്കളുടെ വില കുത്തനെ ഉയർന്നത്. ആവശ്യക്കാർ ഏറെയുള്ള മുല്ലപ്പൂവിനാണ് ഏറ്റവും വലിയ വിലവർധന.

തമിഴ്‌നാട്ടിൽ മുല്ലപ്പൂവിന്റെ വില കിലോഗ്രാമിന് 4000 മുതൽ 6000 രൂപ വരെയായി ഉയർന്നു. കേരളത്തിൽ ഒരു മുഴം മുല്ലപ്പൂവിന് 70 മുതൽ 80 രൂപ വരെയാണ് നിലവിലെ വില. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.

മുല്ലയ്ക്ക് പിന്നാലെ അരളി, വെള്ള ജമന്തി, ചെത്തി തുടങ്ങിയ പൂക്കൾക്കും വില വർധിച്ചിട്ടുണ്ട്. അരളിപ്പൂവിന്റെ വില കിലോഗ്രാമിന് 450 രൂപയിൽനിന്ന് 500 രൂപയായി. വെള്ള ജമന്തിക്കും ചെത്തിക്കും കിലോഗ്രാമിന് 600 രൂപയാണ്. 380 രൂപയായിരുന്ന ബട്ടൺ റോസിനും 350 രൂപയായിരുന്ന പൂജ റോസിനും ഇപ്പോൾ 500 രൂപ നൽകണം.

മഞ്ഞ ജമന്തിക്ക് കിലോഗ്രാമിന് 200 രൂപയും ഓറഞ്ച് ജമന്തിക്ക് 250 രൂപയുമാണ് വില. താമരമൊട്ടിന് വലുപ്പമനുസരിച്ച് 50 മുതൽ 150 രൂപ വരെയാണ് ഈടാക്കുന്നത്. വാടാമുല്ലയ്ക്ക് 200 രൂപയും ശതാവേരിക്ക് ഒരു കെട്ടിന് 300 രൂപയുമാണ് വില. പൂക്കളത്തിന്റെ അലങ്കാരത്തിന് ഉപയോഗിക്കുന്ന പച്ചിലയ്ക്ക് 35 രൂപയും തുളസിക്ക് 100 രൂപയുമാണ് നിലവിലെ നിരക്ക്.

മഴയും കാലാവസ്ഥയും തിരിച്ചടിയായി

തമിഴ്‌നാട്ടിലെ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും പൂക്കളുടെ ഉത്പാദനത്തെ ബാധിച്ചതാണ് പ്രധാനമായും വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. തോട്ടങ്ങളിൽനിന്ന് ഉയർന്ന വില നൽകിയാണ് പൂക്കൾ ശേഖരിക്കുന്നത്. ഇതിനുപുറമെ ഗതാഗതച്ചെലവും മറ്റ് നഷ്ടങ്ങളും വർധിച്ചതോടെ കുറഞ്ഞ വിലയ്ക്ക് പൂക്കൾ വിൽക്കുന്നത് വ്യാപാരികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നുവെന്നും കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു.

ഓണം അടുത്തെത്തുന്നതോടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ പൂക്കളുടെ വില ഇനിയും ഉയരുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img