05:35am 13 October 2025
NEWS
ആഢംബരം ഇനി വാടകയ്ക്ക്: "റെന്റ് എ വെഡിംഗ്" തരംഗത്തിൽ കേരളം; ആഭരണവും വസ്ത്രവും ബുക്ക് ചെയ്യാം, ചെലവ് കുറയ്ക്കാം!
11/10/2025  11:49 AM IST
ആഢംബരം ഇനി വാടകയ്ക്ക്:

തിരുവനന്തപുരം: സ്വപ്നം കണ്ട ആഭരണവും വസ്ത്രവുമണിഞ്ഞ് കതിർമണ്ഡപത്തിൽ കയറാൻ ലക്ഷങ്ങളുടെ വായ്പയെടുക്കണ്ട, കടവും വാങ്ങണ്ട. മനസിനിണങ്ങുന്ന ഡിസൈനുകളിലുള്ള ആഢംബര വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്‌ക്ക് ലഭിക്കുന്ന 'റെന്റ് എ വെഡിംഗിനോട്"  അടുക്കുകയാണ് മലയാളി യുവത. "പൊന്ന് പൊള്ളിക്കില്ല" എന്ന മട്ടിലുള്ള ഈ പുതിയ ട്രെൻഡ്, സ്ത്രീധനമായി ഇത്ര പവൻ ഡിമാൻഡ് വയ്ക്കുന്ന രീതിയിൽ നിന്നുള്ള ഒരു വലിയ മാറ്റമാണ്. കഴിവിനൊത്ത് സ്വർണം വാങ്ങിയ ശേഷം ബാക്കി വാടക ആഭരണങ്ങൾ ഉപയോഗിക്കുക എന്ന നിലപാടാണ് യുവതലമുറയുടേത്. ഇതിന് ഇരു വീട്ടുകാരുടെയും സമ്മതം മാത്രം മതി.

​കുറഞ്ഞ വാടകയിൽ ആൻഡിക്ക് ജുവലറി:

​വിവാഹ ആവശ്യങ്ങൾക്ക് ആൻഡിക്ക് (Antique) ജുവലറിക്കാണ് കൂടുതൽ ഡിമാൻഡ്‌. നെക്ലേസുകൾക്കും ചോക്കറുകൾക്കും 500 രൂപ മുതലാണ് വാടക തുടങ്ങുന്നത്. 50 രൂപ മുതൽ വള ലഭിക്കും. സ്വർണം ആവരണം ചെയ്ത ആഭരണങ്ങൾ (Gold Plated) വാങ്ങുന്നവരും ധാരാളമുണ്ട്. മുംബയ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ സ്ഥാപനങ്ങളും സാധനങ്ങളെടുക്കുന്നത്.

​ഹൽദി മുതൽ സേവ് ദി ഡേറ്റ് വരെ:

​ഹൽദി, സംഗീത്, റിസപ്ഷൻ, സേവ് ദി ഡേറ്റ് തുടങ്ങിയ ചടങ്ങുകൾക്കും ആഭരണങ്ങളും വസ്ത്രങ്ങളും വാടകയ്‌ക്ക് ലഭ്യമാണ്. ചടങ്ങിന് മൂന്നുമാസം മുമ്പ് ഡിസൈൻ നോക്കി ഇഷ്ടപ്പെട്ടവ ബുക്ക് ചെയ്യാം. ഇൻസ്റ്റഗ്രാമിലൂടെയും ഓൺലൈൻ വെബ്സൈറ്റുകളിലൂടെയുമാണ് കൂടുതലും ബുക്കിംഗ് നടക്കുന്നത്.

​ലഹങ്കയും വാച്ചുകളും വാടകയ്ക്ക്:

​ലഹങ്ക, ഷെർവാണി, ബാഗുകൾ, ബ്രാൻഡഡ് വാച്ചുകളുമുൾപ്പെടെ വാടകയ്‌ക്ക് ലഭിക്കുന്ന ഔട്ട്ലെറ്റുകൾ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലുമെല്ലാം സജീവമാണ്. 30,000 രൂപയ്‌ക്കുള്ള ഹെവി വർക്കുള്ള വെഡിംഗ് ലഹങ്കകൾക്ക് ഏകദേശം 7,000 രൂപയാണ് വാടക.
​ഉപയോഗിച്ച ശേഷം ഒരാഴ്ചയ്ക്കകം സാധനം തിരികെ നൽകണമെന്നാണ് ഒട്ടുമിക്ക കമ്പനികളുടെയും വ്യവസ്ഥ. കേടുപാടുണ്ടായാൽ നഷ്ടം ഈടാക്കും. ബുക്ക് ചെയ്യുമ്പോൾ അഡ്വാൻസ് നൽകും. ബാക്കി തുക സാധനം തിരിച്ചുകൊടുക്കുമ്പോൾ നൽകണം. ഉപയോഗ ശേഷം വസ്ത്രങ്ങൾ കമ്പനികൾ വൃത്തിയാക്കും. ആവശ്യമെങ്കിൽ അളവ് വ്യത്യാസപ്പെടുത്തണമെങ്കിൽ അതും ചെയ്‌തുകൊടുക്കും.

​സ്വർണം സമ്പാദ്യമായി:

​നിറയെ ആഭരണം അണിഞ്ഞെന്നു വരുത്താൻ സ്വർണത്തിനൊപ്പം ഇടകലർത്തി ഇടാനാണ് ആഭരണങ്ങൾ വാടകയ്‌ക്കെടുക്കുന്നതെന്ന് തിരുവനന്തപുരത്തെ റെന്റൽ ജുവലി ഷോറൂം ജീവനക്കാരൻ പറഞ്ഞു. സ്വർണം സമ്പാദ്യമായി സൂക്ഷിക്കാനാണ് യുവതലമുറയ്ക്ക് ഇഷ്ടം.
​"എന്റെ കല്യാണത്തിനും റെന്റൽ ജുവലറി ഉപയോഗിച്ചിരുന്നു. അനാവശ്യച്ചെലവുകൾ ഒഴിവാക്കാനാണ് ഇന്നത്തെ പെൺകുട്ടികൾക്ക് താത്പര്യം. കുടുംബവും പിന്തുണച്ചു," മലപ്പുറം സ്വദേശിയും എം.എസ്‌സി മാത്തമാറ്റിക്സ് വിദ്യാർത്ഥിനിയുമായ ജെസ്ന പറയുന്നു. ചെലവ് കുറച്ച് ആഢംബരം നിലനിർത്താനുള്ള ഈ പുതിയ വഴി മലയാളി യുവത ആഘോഷമാക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img