11:17pm 17 May 2026
NEWS
വാടക കുടിശികയെ തുടർന്ന് താമസ സ്ഥലത്തുനിന്നും പുറത്താക്കി; അർബുദ ബാധിതയായ മലയാളി യുവതിയും ഭർത്താവും ഷാർജയിലെ തെരുവിൽ
17/05/2026  05:31 PM IST
nila
വാടക കുടിശികയെ തുടർന്ന് താമസ സ്ഥലത്തുനിന്നും പുറത്താക്കി; അർബുദ ബാധിതയായ മലയാളി യുവതിയും ഭർത്താവും ഷാർജയിലെ തെരുവിൽ

ഷാർജ: രോഗവും സാമ്പത്തിക പ്രതിസന്ധിയും അലട്ടുന്ന കോട്ടയം സ്വദേശിനിയായ നഴ്സിനെയും ഭർത്താവിനെയും വാടക കുടിശ്ശികയെ തുടർന്ന് താമസസ്ഥലത്ത് നിന്ന് പുറത്താക്കി. ഷാർജ അൽ നഹ്ദയിലെ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന ദമ്പതികളെയാണ് വീട്ടുടമയായ ശ്രീലങ്കൻ സ്വദേശി പുറത്താക്കിയതെന്നാണ് പരാതി. രക്താർബുദത്തെ അതിജീവിച്ച ശേഷം വീണ്ടും ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്ന യുവതി ഇപ്പോൾ പാൻക്രിയാസുമായി ബന്ധപ്പെട്ട ഗുരുതര രോഗത്തിന് ചികിത്സയിലാണ്. ഇതിനിടെ രോഗബാധിതനായ ഭർത്താവിനൊപ്പം കഴിഞ്ഞ രണ്ട് ദിവസമായി തെരുവിൽ കഴിയുകയാണ് ഇവർ. പാസ്പോർട്ട് ഉൾപ്പെടെയുള്ള പ്രധാന രേഖകളും മരുന്നുകളും വസ്ത്രങ്ങളും മുറിക്കുള്ളിൽ പൂട്ടിയ നിലയിലാണ്.

മാസം 2,500 ദിർഹം വാടക നൽകിയിരുന്ന ഇവർക്ക് രോഗചികിത്സയും മറ്റ് ചെലവുകളും കാരണം കഴിഞ്ഞ മാസത്തെ വാടക സമയത്ത് നൽകാൻ സാധിച്ചില്ല. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ മുറിയുടെ പൂട്ട് മാറ്റിയ നിലയിലായിരുന്നുവെന്നും അകത്ത് കടക്കാൻ പോലും അനുവദിച്ചില്ലെന്നും യുവതി പറഞ്ഞു. തുടർന്ന് ഇരുവരും ബുഹൈറ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഖത്തറിൽ ഒരു പതിറ്റാണ്ടിലേറെ നഴ്സായി ജോലി ചെയ്തിരുന്ന യുവതി മൂന്ന് മാസം മുൻപാണ് യുഎഇയിലെത്തിയത്. രക്താർബുദ ചികിത്സയ്ക്കായി നേരത്തെ വൻതുക ചെലവഴിച്ചതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇപ്പോൾ യുഎഇയിൽ ചികിത്സ തുടരുന്നതിനൊപ്പം നിത്യച്ചെലവുകൾക്കും മരുന്നിനും പോലും പണമില്ലാത്ത അവസ്ഥയാണെന്ന് കുടുംബം പറയുന്നു. നാട്ടിൽ പഠിക്കുന്ന മൂന്ന് മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ഇവരെ കൂടുതൽ വലയ്ക്കുന്നു.

ഇതിനിടെ, മുൻപ് ബിസിനസ് നടത്തിയിരുന്ന ഭർത്താവിനും മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ചികിത്സയ്ക്കായി വലിയ തുക ചെലവഴിക്കേണ്ടിവന്നതോടെ പിന്നീട് ജോലി ചെയ്യാനാകാത്ത അവസ്ഥയിലായി. കടുത്ത ചൂടിൽ ഭക്ഷണവും വെള്ളവുമില്ലാതെ തെരുവിൽ കഴിയേണ്ടി വന്ന ദമ്പതികൾക്ക് നിലവിൽ ദുബായ് കെഎംസിസി പ്രവർത്തകൻ സാദിഖിന്റെ നേതൃത്വത്തിൽ സഹായം ലഭ്യമാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img