
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ഇന്ന് ജാമ്യം തേടി ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കും. മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവർ കഴിഞ്ഞ ഒരാഴ്ച്ചയായി ജയിലിലാണ്. മജിസ്‌ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ജാമ്യത്തിനായി ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനം.
കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യാണ് കന്യാസ്ത്രീകളുടെ ജാമ്യത്തിനായി വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. പഴുതടച്ച ജാമ്യാപേക്ഷ നൽകാനും മുതിർന്ന അഭിഭാഷകരെ നിയോഗിക്കാനുമാണ് തീരുമാനം. ആവശ്യമെങ്കിൽ സുപ്രീംകോടതിയിൽനിന്നടക്കം മുതിർന്ന അഭിഭാഷകരുടെ സേവനം ലഭ്യമാക്കുമെന്ന് കന്യാസ്ത്രീകളുടെ കുടുംബങ്ങൾക്കൊപ്പം ഛത്തീസ്ഗഢിലുള്ള കോൺഗ്രസ് എംഎൽഎമാരായ സജീവ് ജോസഫും റോജി എം. ജോണും പറഞ്ഞു.
മനുഷ്യക്കടത്ത് ഉൾപ്പെട്ടിട്ടുള്ളതിനാൽ എൻഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടതെന്ന് സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളിയാഴ്ച ജാമ്യാപേക്ഷ നൽകിയാലും എപ്പോൾ പരിഗണിക്കുമെന്ന് പറയാനാകില്ല. മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരെയും അവർക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവ് സുഖ്മാൻ മാണ്ഡവിനെയും പോലീസ് അറസ്റ്റുചെയ്തത്.











