
ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ബിലാസ്പുരിലെ പ്രത്യക എൻഐഎ കോടതിയാണ് കന്യാസ്ത്രീകളുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പറയുക. ഇന്നലെ ജാമ്യഹർജി പരിഗണിക്കവെ പ്രോസിക്യൂഷൻ ജാമ്യം നൽകുന്നതിനെ എതിർത്തെങ്കിലും കന്യാസ്ത്രീകളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യമില്ലെന്നും നിലപാടെടുത്തിരുന്നു.
മുതിർന്ന അഭിഭാഷകൻ അമൃതോ ദാസാണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയാൽ കാലതാമസം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ബിലാസ്പൂരിലെ എൻഐഎ കോടതിയിൽ തന്നെ ജാമ്യാപേക്ഷ നൽകാൻ സഭാനേതൃത്വം തീരുമാനിച്ചത്.
മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ആദിവാസിയുവാവ് സുഖ്മാൻ മാണ്ഡവിയുമാണ് ജാമ്യാപേക്ഷ നൽകിയത്. മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ ഈ മലയാളി കന്യാസ്ത്രീകൾ കഴിഞ്ഞ എട്ട് ദിവസമായി ഛത്തീസ്ഗഡിലെ ജയിലിൽ കഴിയുകയാണ്.











