07:31pm 03 September 2026
NEWS
ഏറ്റവും വലിയ വഞ്ചനയുടെ ഫലമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് പിണറായി വിജയൻ
01/06/2025  06:13 PM IST
nila
ഏറ്റവും വലിയ വഞ്ചനയുടെ ഫലമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് പിണറായി വിജയൻ

നിലമ്പൂർ: ഏറ്റവും വലിയ വഞ്ചനയുടെ ഫലമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചതിയിൽ ആശങ്കപ്പെടുന്ന മുന്നണിയല്ല എൽഡിഎഫെന്നും മുഖ്യമന്ത്രി പറഞ്ഞു. എം സ്വരാജിന്റെ സ്ഥാനാർത്ഥിത്വം പ്രത്യേക വികാരത്തോടെ നാട് സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പി വി അൻവറിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രി വിമർശനം ഉയർത്തിയത്. 

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: 

'ഏറ്റവും വലിയ വഞ്ചന കാണിച്ചതിന്റെ ഫലമാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ തന്നെ മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണ് ഉണ്ടായത്. നിലമ്പൂരിലുള്ളവർക്ക് സ്വരാജിനെ നേരിട്ടറിയാം. ഇതുവരെ എൽഡിഎഫിന്റെ പരിപാടിയിൽ സജീവമായി പങ്കെടുക്കാത്ത, അനേകം ആളുകൾ ഇന്നലെ സ്വരാജിനെ സ്വീകരിക്കാനെത്തി. പ്രത്യേക വികാരത്തോടെ സ്ഥാനാർഥിത്വം നാട് സ്വീകരിച്ചിരിക്കുന്നുവെന്നതാണ് ഇത് കാണിക്കുന്നത്. അതിൽ ആശ്ചര്യമില്ല. ഇതുവരെയുള്ള പൊതുപ്രവർത്തനത്തിലൂടെ ക്ലീനായ ഇമേജ് നിലനിർത്തുന്ന നേതാവാണ് സ്വരാജ്. ആരുടെ മുന്നിലും തല ഉയർത്തി വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് സാധിക്കും'.

വാരിയംകുന്നന്റെയും സഖാവ് കുഞ്ഞാലിയുടെയും പോരാട്ടത്തിന് സാക്ഷ്യംവഹിച്ച മണ്ണാണിത്. ഒപ്പംതന്നെ വാരിയംകുന്നനെ പിടികൂടാൻ ചതി കാണിച്ചവരുടെ മണ്ണുംകൂടിയാണിത്. നമ്മളും ഒരു ചതിക്കിരയായാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. അതിൽ ആശങ്കപ്പെടുന്ന മുന്നണിയല്ല എൽഡിഎഫ്. നല്ല വിജയപ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ആളുകളെ പറഞ്ഞ് പറ്റിക്കുന്ന രീതി എൽഡിഎഫിനില്ല എന്നത് ജനങ്ങൾക്ക് അനുഭവമാണ്. വീരപ്പൻ ജീവിച്ചിരിക്കുന്ന കാലത്ത് ഒരു മാധ്യമ പ്രവർത്തകൻ കാണാൻ ചെന്നു. അന്ന് അയാളോട് വീരപ്പൻ ചോദിച്ചു, എന്നെ കുറിച്ച് വാർത്തകൾ ചെയ്യുന്ന നിങ്ങൾ കേരളത്തിൽ ഒരു മന്ത്രി തന്നെ മരംവെട്ടുന്നത് എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ചോദിച്ചു. ആ കാലത്ത് ആ മന്ത്രിയുടെ സഹായിയായി മരംവെട്ടാൻ അവിടെ ചെന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. ഇത് എൽഡിഎഫിനെ ബാധിക്കില്ല. അതൊന്നും എൽഡിഎഫിന്റെ കാലത്തുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img