പണി പാലുംവെള്ളത്തില്‍ കിട്ടും
തലസ്ഥാനത്തെ ' വിരുതന് ' പണികിട്ടി

പൊലീസുണ്ടോ വെറുതേവിടുന്നു. അജേഷിന്റെ അഭ്യാസമെല്ലാം അവര്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അജേഷിനെ തടഞ്ഞുനിര്‍ത്തി ബൈക്കിന്റെ രേഖകള്‍ കാട്ടാന്‍ ആവശ്യപ്പെട്ടു. ഹെല്‍മറ്റില്ലാത്തിന് പിഴ ഒടുക്കാനും പൊലീസ് പറഞ്ഞു
പൊലീസിന്റെ വാഹനപരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ടൂവീലര്‍ ഇരുട്ടുന്ന വിരുതന്‍മാര്‍ നിരവധിയാണ്. ഹെല്‍മറ്റും രേഖകളുമില്ലാതെ ബൈക്കോടിച്ച് വരുമ്പോഴാകും വഴിവക്കില്‍ പൊലീസ് പരിശോധന കാണുന്നത്. അന്നേരം തന്നെ ബൈക്ക് സൈഡാക്കും. തുടര്‍ന്ന് ഉരുട്ടിക്കൊണ്ട് പൊലീസുകാരുടെ മുന്നിലൂടെ കടന്നുപോകും. ചോദിച്ചാല്‍ ബൈക്ക് കേടാണെന്നും വര്‍ക്‌ഷോപ്പിലേക്ക് പോവുകയാണെന്നും പറയും. വണ്ടി ഉരുട്ടുന്നതിന് ഹെല്‍മറ്റ് നിര്‍ബന്ധമല്ലല്ലോ ! പൊലീസുകാരെ പിന്നിട്ടാല്‍ ബൈക്ക് ഓടിച്ച് പോവുകയും ചെയ്യും. ഇതാണ് ട്രിക്. ഇത്തരത്തിലുള്ള ഗിമിക്കുകള്‍ കാട്ടുന്ന വിരുതന്‍മാര്‍ നിരവധിയാണ്. എന്നാല്‍ ഇതൊന്നും എല്ലായ്‌പ്പോഴും ഏല്‍ക്കണമെന്നില്ല. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌േേറ്റഷന്‍ പരിധിയിലെ കരിമഠംകോളനി നിവാസി അജേഷിനോട് ചോദിച്ചാല്‍ മതി. സോറി, രണ്ടാഴ്ച കാത്തിരിക്കണം. അജേഷ് ഇപ്പോള്‍ തിരുവനന്തപുരം സബ് ജയിലില്‍ റിമാന്റിലാണ്. രണ്ടാഴ്ച കഴിഞ്ഞ് പുറത്തിറങ്ങും. അന്നേരം മാത്രമേ അജേഷിനെ കാണാന്‍ സാധിക്കൂ.
അജേഷിന് എന്താണ് സംഭവിച്ചത് ?
ഒക്ടോബര്‍ 22 - കിഴക്കേക്കോട്ടയില്‍ നിന്നും അട്ടക്കുളങ്ങര ഭാഗത്തേയ്ക്ക് അജേഷ് ബൈക്കില്‍ വരികയായിരുന്നു. ടിയാന്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലായിരുന്നു. ബൈക്കിന് ബുക്കുംപേപ്പറും ഉണ്ടായിരുന്നോ എന്ന് നിശ്ചയമില്ല. ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലെ വനിതാ എസ്.ഐ. ബി. ജയയുടെ നേതൃത്വത്തിലുള്ള സംഘം വെട്ടിമുറിച്ച കോട്ടയ്ക്ക് മുന്നില്‍ വാഹനപരിശോധന നടത്തുന്നത് കണ്ട അജേഷ് വണ്ടി സൈഡാക്കി. തുടര്‍ന്ന് അടുത്ത പെട്രോള്‍ പമ്പിലേക്ക് ഒടിച്ചുകയറ്റി. അവിടെ നിന്നും ബൈക്ക് ഉരുട്ടിക്കൊണ്ട് പുറത്തേക്ക് വന്നു. പൊലീസുകാരുടെ മുന്നിലൂടെ നൈസായിട്ട് കടന്നുപോകാനായിരുന്നു ടിയാന്‍ ലക്ഷ്യമിട്ടത്. പൊലീസുണ്ടോ വെറുതേവിടുന്നു. അജേഷിന്റെ അഭ്യാസമെല്ലാം അവര്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അജേഷിനെ തടഞ്ഞുനിര്‍ത്തി ബൈക്കിന്റെ രേഖകള്‍ കാട്ടാന്‍ ആവശ്യപ്പെട്ടു. ഹെല്‍മറ്റില്ലാത്തിന് പിഴ ഒടുക്കാനും പൊലീസ് പറഞ്ഞു. ഇതോടെ അജേഷ് വൈലന്റായി. ടൂവീലര്‍ ഉരുട്ടിക്കൊണ്ടുപോകുന്ന താനെന്തിന് ഹെല്‍മറ്റ് ധരിക്കണമെന്ന് ചോദിച്ചുകൊണ്ട് അജേഷ് പ്രശ്‌നമുണ്ടാക്കി. ഇതെല്ലാം അജേഷ് തല്‍സമയം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. പ്രശ്‌നം വഷളായതോടെ നാട്ടുകാര്‍ ഓടിക്കൂടി. എല്ലാവരും നോക്കുമ്പോള്‍ അജേഷിന്റെ ഭാഗത്താണ് ന്യായം. വണ്ടി
ഉരുട്ടിക്കൊണ്ടുപോകുന്നവനെ പൊലീസ് പിടികൂടേണ്ട കാര്യമില്ലല്ലോ. ആരും അജേഷിന്റെ മറ്റുനമ്പരുകളൊന്നും കണ്ടിരുന്നില്ല. ഏതായാലും നാട്ടുകാര്‍ കൂടിയതോടെ അജേഷിന് ആവേശമായി. അയാള്‍ കത്തിക്കയറി. പൊലീസിന് മിണ്ടാട്ടം മുട്ടി. ഒടുവില്‍ അജേഷിനോട് പൊയ്‌ക്കോളാന്‍ പൊലീസ് പറഞ്ഞെങ്കിലും അയാള്‍ കൂട്ടാക്കിയില്ല. തന്നെ എന്തിന് തടഞ്ഞെന്ന ചോദ്യവുമായി അജേഷ് നിറഞ്ഞാടി. ഇതോടെ പൊലീസുകാര്‍ വാഹനപരിശോധന മതിയാക്കി സ്ഥലംവിട്ടു. വിജയശ്രീലാളിതനായി അജേഷ് മടങ്ങി. വീട്ടിലെത്തിയ അജേഷ് വെറുതേയിരുന്നില്ല. തന്റെ ധീരസാഹസികപ്രവര്‍ത്തനങ്ങള്‍ അയാള്‍ സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്തു. സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ അജേഷിനെ പ്രകീര്‍ത്തിച്ചു. പിറ്റേന്ന് രാവിലെ അജേഷ് കണികണ്ടത് വീട്ടിന് മുന്നില്‍ നില്‍ക്കുന്ന പൊലീസുകാരെയാണ്. തന്റെ ഡ്യൂട്ടി തടസപ്പെടുത്തിയ അജേഷിനെതിരെ സബ് ഇന്‍സ്‌പെക്ടര്‍ ജയ ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ ടിയാനെ കസ്റ്റഡിയിലെടുത്തു. അവര്‍ അജേഷിനെ പൊക്കി സ്റ്റേഷനില്‍കൊണ്ടിരുത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് ഐ.പി.സി. 353 പ്രകാരം കേസ് ചാര്‍ജ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ അജേഷിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഇനി കേസായി,വക്കീലായി, ജാമ്യമായി, ആകെ പുകാറായി ... 500 രൂപ ഫൈന്‍ അടച്ചിരുന്നെങ്കില്‍ ഇതൊന്നും ഉണ്ടാകില്ലായിരുന്നു. അഴിയെണ്ണുന്ന അജേഷിന്റെ മനസില്‍ ഇപ്പോള്‍ ഈ ചിന്തയായിരിക്കും.
Photo Courtesy - Google
















