10:52pm 08 July 2026
NEWS
കേരളത്തിന് ദേശീയപാതാ വികസനത്തിൽ വൻതുക; 2,039 കോടി രൂപ അനുവദിച്ചു; നിരവധി പദ്ധതികൾക്ക് പച്ചക്കൊടി
08/07/2026  04:53 PM IST
nila
കേരളത്തിന് ദേശീയപാതാ വികസനത്തിൽ വൻതുക; 2,039 കോടി രൂപ അനുവദിച്ചു; നിരവധി പദ്ധതികൾക്ക് പച്ചക്കൊടി

ന്യൂഡൽഹി: കേരളത്തിലെ ദേശീയപാതാ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ 2,039 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന പദ്ധതികൾക്കാണ് തുക അനുവദിച്ചതെന്നും, കേന്ദ്ര റോഡ് ഗതാഗത-ദേശീയപാതാ മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കർണാടക-കേരള അതിർത്തിയെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലത്തിന്റെ നിർമ്മാണത്തിന് 40 കോടി രൂപയും, തമിഴ്നാട്ടിലെ തിരുമംഗലത്തെയും കൊല്ലത്തെയും ബന്ധിപ്പിക്കുന്ന ദേശീയപാത 744-ന്റെ വികസനത്തിന് 98.40 കോടി രൂപയും അനുവദിച്ചു. കോഴിക്കോട്-പാലക്കാട് ദേശീയപാത വികസനത്തിനായി 172 കോടി രൂപയ്ക്കും അംഗീകാരം ലഭിച്ചു.

ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിലെത്തിയ കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കാൻ ധാരണയായതായി മന്ത്രി അറിയിച്ചു. തിരുവനന്തപുരം-കഴക്കൂട്ടം പാതയുടെ വികസനത്തിന് 66 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൊല്ലം-തേനി ദേശീയപാതയിൽ കടവൂർ മുതൽ ചെങ്ങന്നൂർ-ആഞ്ഞിലിമൂട് വരെയുള്ള നാലുവരിപ്പാത വികസനത്തിന് 1,663 കോടി രൂപയുടെ കേന്ദ്രാനുമതിയും ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖലയെ മുൻനിർത്തി ശബരിമല, മൂന്നാർ, വയനാട് എന്നിവിടങ്ങളിൽ റോപ്‌വേ പദ്ധതികൾക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചതായും മന്ത്രി അറിയിച്ചു. ശബരിമലയിലെ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ഉടൻ തയ്യാറാക്കും. ദേശീയപാത 185-ൽ അടിമാലി-കുമളി റോഡിന്റെ വീതികൂട്ടൽ പദ്ധതിക്കും ഉടൻ അനുമതി നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

കൊടുങ്ങല്ലൂർ-അങ്കമാലി ബൈപ്പാസിന്റെ അലൈൻമെന്റ് ഉടൻ അന്തിമമാക്കുമെന്നും, വെല്ലിങ്ടൺ ഐലൻഡ്-കുണ്ടന്നൂർ ബൈപ്പാസിനെ അരൂർ-അങ്കമാലി ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന പദ്ധതിയും മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. കോതമംഗലം, മൂവാറ്റുപുഴ ബൈപ്പാസുകളുടെ പുതുക്കിയ അലൈൻമെന്റിന് മൂന്ന് മാസത്തിനകം അംഗീകാരം ലഭിക്കുമെന്നും, രാമനാട്ടുകര മുതൽ കോഴിക്കോട് വിമാനത്താവളം വരെ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കാൻ കേന്ദ്രമന്ത്രി നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിൽ പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള, അഡീഷണൽ സെക്രട്ടറി വി.ആർ. വിനോദ്, ചീഫ് എഞ്ചിനീയർ ഐസക് വർഗീസ് എന്നിവരുൾപ്പെടെയുള്ള പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img