09:18am 13 June 2026
NEWS
എംവിഡി സേവനങ്ങൾക്ക് പാസ്‌പോർട്ട് സേവാ കേന്ദ്ര മാതൃക; ഇടനിലക്കാരെ ഒഴിവാക്കാൻ പുതിയ പദ്ധതി
13/06/2026  07:51 AM IST
nila
എംവിഡി സേവനങ്ങൾക്ക് പാസ്‌പോർട്ട് സേവാ കേന്ദ്ര മാതൃക; ഇടനിലക്കാരെ ഒഴിവാക്കാൻ പുതിയ പദ്ധതി

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിനായി സംസ്ഥാനത്ത് അംഗീകൃത ‘എംവിഡി സേവാ കേന്ദ്രങ്ങൾ’ ആരംഭിക്കാൻ ഗതാഗത കമ്മിഷണർ സർക്കാരിനോട് ശുപാർശ ചെയ്തു. അപേക്ഷകരെ ഇടനിലക്കാരുടെ സാമ്പത്തിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനും സേവനങ്ങൾ വേഗത്തിലാക്കാനുമാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളിലൂടെ വാഹൻ-സാരഥി സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിവിധ അപേക്ഷകൾ സമർപ്പിക്കാനും ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകൾ അടയ്ക്കാനും സൗകര്യമൊരുക്കും. സ്വകാര്യ പങ്കാളിത്തത്തിലോ ഐടി മിഷൻ, അക്ഷയ കേന്ദ്രങ്ങൾ എന്നിവയുടെ സഹകരണത്തോടെയോ സേവാ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് നിർദേശം.

അപേക്ഷ സമർപ്പണം ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് സർക്കാർ നിശ്ചിത നിരക്ക് ഈടാക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് നിർദേശം.

ഡിജിറ്റൽ ടോക്കൺ സംവിധാനം, കാത്തിരിപ്പ് കേന്ദ്രം, ഓൺലൈൻ പേയ്‌മെന്റ് സൗകര്യം തുടങ്ങിയ സൗകര്യങ്ങൾ സേവാ കേന്ദ്രങ്ങളിൽ ഒരുക്കും. വാഹൻ-സാരഥി സംവിധാനവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കേന്ദ്രങ്ങളിൽ പരിശീലനം നേടിയ ജീവനക്കാരെ നിയമിക്കുമെന്നതിനാൽ അപേക്ഷകളിലെ പിഴവുകൾ കുറയുകയും സേവനങ്ങൾ കൂടുതൽ വേഗത്തിലാകുകയും ചെയ്യും.

നിലവിൽ ഓൺലൈൻ അപേക്ഷകളിൽ സംഭവിക്കുന്ന സാങ്കേതിക പിഴവുകളും ഇടനിലക്കാരുടെ ഇടപെടലുകളും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. എംവിഡി ഓഫീസുകളിലെ തിരക്ക് കുറയ്ക്കുന്നതിനും ഉദ്യോഗസ്ഥരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് ഏകദേശം 1.90 കോടി വാഹനങ്ങളുള്ള സാഹചര്യത്തിൽ ഏറ്റവും കൂടുതൽ പൊതുജന ഇടപെടൽ നടക്കുന്ന വകുപ്പുകളിലൊന്നാണ് മോട്ടോർ വാഹന വകുപ്പ്. ഓൺലൈൻ സേവനങ്ങളിലേക്ക് മാറിയിട്ടും അപേക്ഷാ നടപടികളിലെ സങ്കീർണതകൾ ഉപയോഗപ്പെടുത്തി ഇടനിലക്കാർ വൻതോതിൽ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ടെന്ന് ഗതാഗത കമ്മിഷണർ നാഗരാജു ചകിലം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ പ്രവണതയ്ക്ക് അറുതി വരുത്താൻ എംവിഡി സേവാ കേന്ദ്രങ്ങൾ ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img