
നാദാപുരം (കോഴിക്കോട്): അറിവും സ്‌നേഹവും നാടിന് നിർലോഭമായി നൽകിയ പണ്ഡിത സമൂഹത്തിൻ്റെ നാടാണ് വടക്കൻ മലബാറിൻ്റെ ഭാഗമായ വടകര -നദാപുരം പ്രദേശങ്ങളെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളാ യാത്രക്ക് കോഴിക്കോട് നോർത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കളങ്കമില്ലാത്ത ജീവിതം നയിച്ച ആ പണ്ഡിത സമൂഹം മനുഷ്യരെ മുഴുവൻ ചേർത്ത് നിർത്തുകയും മത സൗഹാർദ്ദത്തിൻ്റെയും സഹിഷ്‌ണുതയുടെയും സന്ദേശം അവർക്ക് നൽകുകയും ചെയ്തു. ഈ നാട്ടിലെ ജനങ്ങളും അവരെ ആദരവോടെ നോക്കിക്കണ്ടു. ധൈഷണിക വ്യവഹാരങ്ങൾകൊണ്ട് സമ്പന്നമായ ഒരു ചരിത്രമാണ് ഈ നാടിൻ്റേത്. അറിവും ആരാധനയും അധ്യാപനവുമായി കഴിഞ്ഞ മഹത്തുക്കൾ നിർമിച്ച ഈ നാടിൻ്റെ ചരിത്ര സമ്പന്നമായ പഴയകാലം മറക്കരുത്.
മത-ജാതി ചിന്തകൾക്കതീതമായ നാടിന്റെ ഒന്നിച്ചുപോക്കിന്റെ മഹാ അധ്യായത്തിന് സാക്ഷ്യം വഹിച്ച മണ്ണ് കൂടിയാണിത്. വൈദേശിക ശക്തികൾക്കെതിരെ നമ്മുടെ നാടിന് വേണ്ടി സാമൂതിരിക്കൊപ്പം നിന്ന് നാവികപ്പടയെ നയിച്ച കുഞ്ഞാലി മരക്കാർമാരെ ഓർക്കാതെ കേരളത്തിന്റ ചരിത്രം പൂർണമാകില്ല. നമുക്കീ നാടിന്റെ പട്ടിണി മാറ്റണം. നല്ല വിദ്യാഭ്യാസം നൽകണം. സ്വസ്ഥവും ശാന്തവുമായ ജീവിതം ഉറപ്പാക്കണം. ഒരു സുസ്ഥിര സാമ്പത്തിക ശക്തിയായി ഇന്നാടിനെ പുതുക്കിപ്പണിയണം. വൈരം വിതച്ച് നേട്ടം കൊയ്യാനാവില്ല. അങ്ങനെ ചിന്തിക്കുന്നത് മൗഢ്യമാണ്. അത് ഇന്നാടിനെ തകർക്കുന്നവരുടെ അജണ്ടയാണ്. അതിന് നാം മൗനം കൊണ്ട് പോലും കൂട്ട് നിൽക്കരുത്. കാന്തപുരം പറഞ്ഞു.
കേരളയാത്രയെ മൂന്നാം ദിവസം കോഴിക്കോട് ജില്ലാ അതിർത്തിയായ പെരിങ്ങത്തൂരിൽ ജില്ലാ സുന്നീ നേതാക്കൾ സ്വീകരിച്ചു. സെൻ്റിനറി ഗാർഡ് പരേഡും നടന്നു. നാദാപുരത്ത് പ്രത്യേകം സജ്ജമാക്കിയ മർഹും അഹ്‌മദ്കോയ ശാലിയാത്തി നഗരിയിൽ വൈകുന്നേരത്തോടെ ആയിരങ്ങൾ ഒഴുകിയെത്തി.
സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ചു. വി.പി.എം ഫൈസി വില്ല്യാപ്പള്ളിയുടെ അധ്യക്ഷതയിൽ ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു. യാത്ര ഉപനായകരായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി പ്രസംഗിച്ചു. സുലൈമാൻ സഖാഫി മാളിയേക്കൽ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പ്രമേയ പ്രഭാഷണം നടത്തി. ദാറുൽ ഖൈർ ലോഞ്ചിംഗ്, ജില്ല കാര്യാലയം ഉദ്ഘാടനം, ആംബുലൻസ് സമർപ്പണം എന്നിവ നടന്നു.
ഇ കെ വിജയൻ എം എൽ എ , കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ, കെ കെ നവാസ്, കെ.പി. മോഹനൻ മാസ്റ്റർ, സൂപ്പി നരിക്കാട്ടേരി സംബന്ധിച്ചു. സയ്യിദ് ത്വാഹാ തങ്ങൾ സ്വാഗതവും മുനീർ സഖാഫി ഓർക്കാട്ടേരി നന്ദിയും പറഞ്ഞു. കേരളയാത്രക്ക് ജനുവരി നാല് കോഴിക്കോട് മുതലക്കുളം, 5 കൽപ്പറ്റ, ആറ് ഗൂഡല്ലൂർ, ഏഴ് അരീക്കോട്, 8 തിരൂർ, 9 ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈൻ ഡ്രൈവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 15 ന് കൊല്ലം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനം.











